തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം കൂടുതൽ ശക്തമാകുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന ഒക്ടോബർ 21 വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 5 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ഓറഞ്ച് അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
ബാക്കിയുള്ള 9 ജില്ലകളായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
വരും ദിവസങ്ങളിലും മഴ ശമിക്കാനിടയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. മലയോര മേഖലകളിലും തീരദേശങ്ങളിലും വൻ ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്. കനത്ത മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം.
ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരും നദിക്കരകളിലും താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ആവശ്യമെങ്കിൽ രാത്രികാല യാത്രകൾ ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യ നേരിടാൻ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.












