ഇടുക്കിയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ സൂര്യനെല്ലി എസ്റ്റേറ്റിൽ സര്‍ക്കാരിന്റെ കുത്തകപ്പാട്ട ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി അനധികൃതമായി മുറിച്ച് കടത്തിയെന്ന് ആരോപണം . ഫാക്ടറിയുടെ ആവശ്യങ്ങൾക്കുള്ള വിറകിനായി മരം മുറിയ്ക്കുന്നതിന്റെ മറവിലാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. തന്ത്രപരമായി ഇതു ഇവിടെ നിന്ന് കടത്തുകയും ചെയ്തു.
കോവിഡിനെ തുടര്‍ന്ന് കമ്പനി പ്രതിസന്ധിയിലായതിനാല്‍, വിറകിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി തേയിലത്തോട്ടങ്ങള്‍ക്കിടയിലുള്ള യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കുന്നതിനായി കമ്പനി വനംവകുപ്പിനോട് അനുമതി ചോദിച്ചിരുന്നു. ഈ അപേക്ഷയില്‍ വനം വകുപ്പ് റവന്യൂവകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും കുത്തക പാട്ട ഭൂമിയാണിതെന്നും, കൃഷി ആവശ്യങ്ങള്‍ക്കു മാത്രമാണ് കുത്തകപാട്ട ഭൂമി ഉപയോഗിക്കാവൂ എന്നാണ് ചട്ടമെന്നും കാണിച്ച് റവന്യൂ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി.
തേയിലകമ്പനികള്‍ക്ക് വിറക് ആവശ്യത്തിനായി മരം മുറിക്കാമെന്ന നിബന്ധന മുന്നില്‍ കണ്ടാണ് കൃഷി ആവശ്യത്തിനായാണ് മരങ്ങള്‍ മുറിക്കുന്നത് എന്ന പേരില്‍ അപേക്ഷ നല്‍കിയത്. ഡി.എഫ്.ഒ ഓഫീസിലേക്കാണ് ഇതിനായി അപേക്ഷ സമര്‍പ്പിച്ചത്. വിലയേറിയ മരങ്ങള്‍ വരെ ഇതിന്റെ മറവില്‍ വെട്ടിമാറ്റിയതിനെ തുടർന്ന് കുത്തക പാട്ടഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിക്കുന്നതിന് മുന്‍പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
വിറകിനായി അപേക്ഷിച്ച ഹാരിസണിന് 28 തരം മരങ്ങള്‍ മുറിക്കാനുള്ള അനുമതി വനം വകുപ്പു നൽകിയതാണ് സംശയത്തിന് വഴിതെളിച്ചത്. ഫാക്ടറിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലും കഷ്ടപ്പെടുമ്പോള്‍ കോവിഡിന്റെ മറവില്‍ വിറകിനായി യൂക്കാലിപ്റ്റസ് മുറിക്കാന്‍ അനുവദിക്കണമെന്നാണ് ഹാരിസണ്‍ അപേക്ഷിക്കുന്നത്. എന്നാല്‍ യൂക്കാലിപിറ്റ്സ് ഉള്‍പ്പടെ 28 ഇനം മരങ്ങളാണ് മുറിക്കാനാണ് വനം വകുപ്പ് അനുമതി നൽകിയിരിക്കുന്നത് . ‘കേരള വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന നിയമ’ത്തില്‍ നിന്ന് ഇവയെ ഒഴിവാക്കിയിട്ടുള്ളതിനാലാണ് അനുമതി നൽകിയതെന്നും ,ഇതിന്റെ മറവിലാണ് മരങ്ങള്‍ വെട്ടിമുറിച്ച് കടത്തിയത് എന്നും, ഇത്തരത്തില്‍ നിരവധി തോട്ടങ്ങളില്‍ നിന്നും മരം മുറിച്ച് കടത്തിയിട്ടുമുണ്ടെന്നാണ് സൂചന.
Discussion about this post