പെന്‍ഡ്രൈവ്-നന്ദികേശന്
വര്‍ഗ്ഗീയവാദികള്‍ക്കും തീവ്രവാദികള്‍ക്കും പൊതുവായ ചില സവിശേഷതകളുണ്ട്..!! വിശ്വാസപരമായും ആശയപരമായും വെവ്വേറെ ധ്രുവങ്ങളിലായിരിക്കുമെങ്കിലും ഇതിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുടെയും വൃത്തികേടുകളുടെയും നിലവാരം കണക്കാക്കിയാല്‍ എല്ലാ ഗ്രൂപ്പുകള്‍ക്കും ഒരേ മാര്‍ക്ക് ആയിരിക്കും..!!! അക്രമം മറ്റേ പ്രാന്തന്റെ വഴിയാണ് അതുകൊണ്ട് താന്‍ അത് ചെയ്യാന്‍ പാടില്ല എന്ന് ഒരിക്കലും ഒരു എതിര്പ്രാന്തന് ചിന്തിക്കാറില്ല…!! അവന് ഒരുത്തന്റെ തലവെട്ടിയാല്‍ നമ്മള് പത്തെണ്ണത്തിന്റെ കഥ കഴിക്കണം..!! അവന് ഒരു അമ്പലം തകര്‍ത്താല്‍ നമ്മള് പത്തു പള്ളി തകര്‍ക്കണം..!! അവന് ഒരു ഫത്വ ഇറക്കിയാല്‍ നമ്മള് ചുരുങ്ങിയത് രണ്ടെണ്ണം എങ്കിലും ഇറക്കണം..!! അതാണ് തീവ്രവാദികളുടെ ഇടയിലെ സജീവമായ ഒരു അന്തര്‍ധാര..!!! ഇതില്‍ റാഡിക്കലായ മാറ്റം ഉണ്ടാവും എന്ന് ആരും കരുതേണ്ടതില്ല..!!!
പ്രവാചകനെ ആസ്പദമാക്കി നിര്‍മിക്കുന്ന ഇറാനിയന്‍ സിനിമയ്ക്ക് സംഗീതം ഒരുക്കുന്നു എന്ന അക്ഷന്തവ്യമായ അപരാധത്തിനാണ് എ.ആര് റഹ്മാന് പ്രവാചക അനുയായികള്‍ ഫത്വ കൊടുത്തത്..!! മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ദീനി സംഘടന അകക്കണ്ണിലെ വെളിച്ചത്തിലൂടെ നോക്കിയപ്പോള്‍ മേല്‍പ്പറഞ്ഞ സിനിമയില്‍ അടിമുടി മതവിരുദ്ധത…!! അങ്ങനെയൊരു സിനിമയ്ക്ക് ഒരു മുസല്മാന് സംഗീതമൊരുക്കുകയോ..??!! ച്ഛായ്…!!! കൊടുത്തു ഒരു നെടുങ്കന്‍ ഫത്വ…!!! പക്ഷെ എന്തോ, റഹ്മാന് അത് അങ്ങോട്ട് ഏറ്റില്ല..!! ‘അല്ലാഹുവിനെ നേരിട്ട് കാണാന്‍ ഭാഗ്യമുണ്ടായാല്‍ അദ്ദേഹം ചോദിക്കില്ലേ ഞാന്‍ നിനക്ക് ഇത്രയും സ്നേഹവും കരുണയും വിശ്വാസവും കഴിവും സമ്പത്തും ഒക്കെ നല്‍കിയിട്ടും മുഹമ്മദിനെക്കുറിച്ച് ഒരു കലാരൂപം ഒരുങ്ങിയപ്പോള്‍ നീയെന്തേ സഹകരിച്ചില്ല എന്ന്..???’ എന്ന റഹ്മാന്റെ ഒരൊറ്റ ചോദ്യത്തിന് മുന്നില്‍ ദീനിനേതാവിന് ഉത്തരം മുട്ടിയോ എന്നൊരു സംശയം..!! അല്ലാഹുവിനെ നേരിട്ട് കണ്ടേക്കാം എന്ന ആത്മവിശ്വാസം റഹ്മാന് ഉള്ളത് പോലെ തനിക്ക് ഇല്ലാത്തത് കൊണ്ടാകാം നേതാവിന്റെ ശബ്ദമൊന്നും പിന്നീട് കേട്ടിട്ടില്ല..!!!
ദീനികള് തേങ്ങയുടയ്ക്കുമ്പോ ആര്ഷര് ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ..??!! എന്ത് ചെയ്യും എന്നാലോചിച്ച് തലപുകഞ്ഞു നില്‍ക്കുമ്പോഴാണ് ഒരു കലക്കന്‍ വാര്‍ത്ത കിട്ടിയത്..!!! ടിപ്പുസുല്‍ത്താന്റെ കഥ സിനിമയാകുന്നു..!! അതില്‍ ടിപ്പുവിന്റെ വേഷം ചെയ്യുന്നതോ, സാക്ഷാല്‍ സ്റ്റൈല്‍ മന്നനും..!! ഉടനെ ഇവിടെയും കൊടുത്തു ഒരു ആര്‍ഷഭാരത ഹൈന്ദവഫത്വ..!! ടിപ്പുസുല്‍ത്താന്‍ എന്ന മതഭ്രാന്തനായ, തമിഴ് വിരോധിയായ രാജാവിന്റെ വേഷം തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ കെട്ടരുത്..!! ഹിന്ദുമുന്നണി എന്ന അഖിലലോക ഹൈന്ദവതമിഴരുടെ വൈകാരികതയുടെ കുത്തകപ്പാട്ട അവകാശം രേഖാമൂലം കൈവശപ്പെടുത്തിയിട്ടുള്ള ഒരു നെടുനെടുങ്കന്‍ സംഘടനയാണ് ഇത്തവണ ദീനികള്ക്ക് ഭീഷണിയായി രംഗത്ത് വന്നത്..!! അതിനു വലന്തല കൊട്ടാന്‍ രാജ്യംഭരിക്കുന്ന പാര്‍ട്ടിയുടെ ഏതോ ഒരു തമിഴകശിങ്കം കൂടി തട്ടില്‍ കയറിയതോടെ മേളം കൊഴുത്തു..!! അങ്ങനെ അന്താരാഷ്ട്രനിലവാരത്തില്‍ ദീനി ടീം നേടിയ ഗോളിന് രാജ്യത്തിനകത്തു നിന്നാണെങ്കിലും ആര്ഷടീം സമനില ഗോള്‍ കണ്ടെത്തി..!!! നേരത്തെ പറഞ്ഞ അന്തര്‍ദ്ധാര സജീവമായി…!!! ഇനിയിപ്പോള്‍ രാജ്യത്തെ മതസംസ്ഥാപനത്തില്‍ തങ്ങളുടെ പക്ഷം പുറകോട്ടാണ് എന്ന അപകര്‍ഷത ഇരുവിഭാഗത്തിനും വേണ്ടാ ..!! രണ്ടു പക്ഷത്തും ഇതിനു വേണ്ടി ഊണും ഉറക്കവും വെളിവും ബോധവും ഉപേക്ഷിച്ച് കുറെയാളുകള്‍ നില്‍പ്പുണ്ട് എന്ന് ആശ്വസിക്കുക..!!
ദീനിന്റെ ദീനമുള്ളവരോടും ആ.ഭാ.സ വക്താക്കളോടും പൊതുവായി പറയാന്‍ തോന്നുന്ന കുറച്ചു പ്രാന്തുകള് ഉണ്ട്..!! അതായത് ഈ കല, സാഹിത്യം എന്നൊക്കെ പറയുന്നത് ഒരു മതത്തിന്റെയും തറവാട്ടു സ്വത്തല്ല എന്നാണു 100 കോടിയോളം വരുന്ന ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷത്തിന്റെയും വിശ്വാസം…!! തീര്‍ച്ചയായും ഇവയിലൊക്കെ നിങ്ങളുടെ പൂര്‍വികരുടെ സംഭാവനകള്‍ ഉണ്ട്..!! അന്ന് നിങ്ങളെക്കാള്‍ വെളിവും ബോധവും ഉള്ളവരായിരുന്നു അവര്‍ എന്നതിനാല്‍ ഈ തീവ്രവാദ അസ്കീതയില്ലാതെ അവര്‍ നടത്തിയ ആത്മസമര്‍പ്പണമാണ് ആ കലാസാഹിത്യശില്പകലാ വിസ്മയങ്ങള്‍…!!അവരുടെ കുലത്തില്‍ പിറവിയെടുത്തു എന്നത് കൊണ്ട് മാത്രം ഇതിന്റെ ഏക അനന്തരാവകാശികളായി നിങ്ങളെ ആരും പ്രഖ്യാപിച്ചിട്ടില്ല..!! സംഗീതം, അഭിനയം തുടങ്ങിയവയൊക്കെ അതാത് കലാകാരന്മാരുടെ സ്വകാര്യതയും സ്വാതന്ത്ര്യവും കൂടിയാണ്..!! റഹ്മാന് ഏതു ചിത്രത്തിന് സംഗീതം നല്‍കണം, രജനീകാന്ത് ഏത് കഥാപാത്രമായി വേഷമിടണം എന്നൊക്കെ ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന പാനലില്‍ എന്തായാലും നിങ്ങളുടെ അംഗം വേണ്ട..!! അതൊക്കെ അതാത് സിനിമകളുടെ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തും നടനും ഒക്കെച്ചേര്‍ന്നു തീരുമാനിച്ചു കൊള്ളും..!! മക്കളെ ഉറക്കാന്‍ സ്നേഹത്തോടെ ഒരു വരി താരാട്ടു മൂളാന്‍ പോലും മനസ്സലിവോ സംഗീതഗന്ധമോ ഇല്ലാത്തവര്‍ റഹ്മാന്റെ ഗിത്താറിന്റെ ശ്രുതി ചേര്‍ക്കാന്‍ മെനക്കെടണ്ടാ..!!! അത് റഹ്മാന് ചെയ്തുകൊള്ളും..!!! ഒരു സിനിമ കണ്ടാല്‍, അതില്‍ ടിപ്പുവിന്റെ വേഷം രജനീകാന്ത് അവതരിപ്പിച്ചാല്‍ ആഗോളതമിഴന്റെ വികാരം വ്രണപ്പെടും എന്ന് ചിന്തിക്കുന്നവന്റെ മതബോധവും ഏതെങ്കിലും മൂന്നാംകിട സിനിമയോ ചിത്രകഥയോ കണ്ടും വായിച്ചും വളര്‍ന്നു വന്നതാകണം..!! നിങ്ങള്‍ ദയവായി ഇത്തരം കാര്യങ്ങളില്‍ ഇടപെടരുത്..!! നിങ്ങളുടെ കാര്യങ്ങളില്‍ ഇവരും ഇടപെടുന്നില്ലല്ലോ..??!! ഉദാഹരണത്തിന് ദീനിവിശ്വാസം ഉള്ളവര്‍ ഇന്നയിന്ന സ്ഥലങ്ങളില്‍ ബോംബ് വയ്ക്കരുത് എന്നോ, ഇന്ന രീതിയില്‍ കലാപം നടത്തരുത് എന്നോ റഹ്മാന് ഇതുവരെ പറഞ്ഞിട്ടുണ്ടോ..??!! അതുപോലെ തന്നെ ബീഫ് കഴിക്കുന്നവരെ പാക്കിസ്ഥാനിലേയ്ക്ക് മാത്രമായി കയറ്റുമതി ചെയ്യരുത്, കുറേപ്പേരെ അഫ്ഗാനിസ്ഥാനിലേയ്ക്കും വിടണം എന്ന് രജനീകാന്ത് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ..??!! ഇല്ലല്ലോ..???!! അതാണ് പോയിന്റ്..!! അപ്പോള്‍ അവര്‍ ഏതു പാട്ടിന് ഈണം മൂളണം, ഏതു നിറത്തിലുള്ള ചായം മുഖത്തിടണം എന്നൊക്കെ അവരു തീരുമാനിക്കും…!! ആരുടെ തലതല്ലിപ്പൊളിക്കണം, ഏത് ആരാധനാലയത്തിന് തീയിടണം, ആരെയൊക്കെ ഏതൊക്കെ രാജ്യത്തേയ്ക്ക് കയറ്റുമതി ചെയ്യണം തുടങ്ങിയ, നിങ്ങളുടെ മതത്തിന് അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ മാത്രം നിങ്ങള്‍ ശ്രദ്ധിക്കൂ..!! ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ടു സമയം കളഞ്ഞാല്‍ ഈ വക അത്യാവശ്യകാര്യങ്ങള്‍ ചെയ്യാന്‍ ആളും സമയവും ഇല്ലാത്ത അവസ്ഥ വരും കേട്ടോ..!! നമുക്ക് നമ്മുടെ മതം വളര്ത്തണ്ടേ..?
Discussion about this post