തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഇന്ന് മുതൽ ആരംഭിക്കും. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സീന് സ്വീകരിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഓൺലൈൻ വഴിയുള്ള രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം.ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വാക്സിൻ എടുക്കാന്‍ എത്തുന്നതാണ് തിരക്ക് ഒഴിവാക്കാന്‍ നല്ലതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
45 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് 45 ദിവസം കൊണ്ട് വാക്സിനേഷന് പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. പരമാവധി ആളുകള്‍ക്ക് വാക്സീന് നല്‍കുന്നതിനായിട്ടുള്ള സൗകര്യമൊരുക്കുന്നതിനു വേണ്ടിയാണിത്. ഇതിനായി കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പ് നടത്തും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിലും വാക്സിനേഷന് സൗകര്യം ലഭ്യമാണ്. ആവശ്യമെങ്കിൽ കൂടുതൽ സ്വകാര്യ ആശുപത്രികളിൽ സൗകര്യമൊരുക്കുമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. കൂടുതല്‍ വാക്സീനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
www.cowin.gov.in എന്ന പോര്‍ട്ടലിലാണ് ഫോണ്‍ നമ്പരും ആധാര്‍ നമ്പരും നല്കി രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന് കേന്ദ്രം തിരഞ്ഞെടുത്ത് വാക്സിന് സ്വീകരിക്കാന്‍ എത്തേണ്ടത്. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും ഏപ്രില്‍ അഞ്ച് മുതല്‍ വാക്സിനേഷനുണ്ടാവും. ഏപ്രില്‍ ഒന്നു മുതല്‍ നാലു വരെ അവധി ദിനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ഈ കേന്ദ്രങ്ങള്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ പ്രവര്‍ത്തിക്കും.
Discussion about this post