ലേണേഴ്സ് ഡ്രൈവിങ് ലൈസന്‍സ് പാഠങ്ങള്‍ ഇനി മുതൽ ഓണ്‍ലൈനിലേക്ക്. മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ നടത്തുന്ന ലേണേഴ്സ് പരീക്ഷയും ട്രാഫിക് ബോധവത്കരണ ക്ലാസും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടുത്തയിടെ നിര്‍ത്തലാക്കിയതിന് പകരമാണ് ഓണ്‍ലൈന്‍ സംവിധാനം. ഓണ്‍ലൈന്‍ വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍. അപേക്ഷ നല്‍കി ഏഴുദിവസത്തിനകം ഓണ്‍ലൈന്‍ വീഡിയോ കാണണം. അപേക്ഷകര്‍ക്ക് നല്‍കുന്ന പ്രത്യേക ഐ.ഡി.യില്‍ ഉപയോഗിച്ചാല്‍ വീഡിയോ കാണാം. ഇതിനുശേഷം ഏഴുദിവസത്തിനകം ഓണ്‍ലൈനില്‍ പരീക്ഷ എഴുതണം.
ട്രാഫിക് സിഗ്നല്‍ പരിചയം, സുരക്ഷിത ഡ്രൈവിങ്, ഡ്രൈവറുടെ ചുമതലകള്‍ സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളായിരിക്കും ഉണ്ടാവുക. 60 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം. പുതിയ സംവിധാനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഡ്രൈവിങ് ലൈസന്‍സ് വിതരണ സംവിധാനമായ ‘സാരഥി’യില്‍ മാറ്റം വരുത്തിയാലുടന്‍ പുതിയ ക്രമീകരണം നടപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നവര്‍ക്ക് ലേണേഴ്സ് ലൈസന്‍സ് പരീക്ഷ ഒഴിവാക്കിയിട്ടുണ്ട്. അംഗീകൃത ഡ്രൈവര്‍ ട്രെയിനിങ് സെന്ററുകളില്‍ പഠിക്കുന്നവര്‍ക്ക് ലേണേഴ്സ് ലൈസന്‍സ് ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു.
ഇ-റിക്ഷ ഓടിക്കാന്‍ പത്തുദിവസത്തെ പ്രത്യേക പരിശീലനവും നിര്‍ബന്ധമാക്കി. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാനാകൂ. വാഹനങ്ങളില്‍ രൂപമാറ്റംവരുത്താനും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വാഹനനിര്‍മാതാവ്, ഷോറൂമുകള്‍, അംഗീകൃത വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് രൂപമാറ്റത്തിന് അനുമതിയുള്ളത്.
Discussion about this post