മുംബൈ: കോവിഡ് കാലത്തെ വിഐപി സംസ്കാരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍ പരാതി നല്‍കി. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രാഷ്ട്രീയ നേതാക്കള്‍ വീടുകളിലേക്ക് വിളിക്കുന്നതിനെതിരെയാണ് ഡോക്ടര്‍മാര്‍ പരാതി നല്‍കിയിരിക്കുന്നത്. കോവിഡ് മുന്‍നിര പോരാളികളായ ഡോക്ടര്‍മാര്‍ക്ക് പരിശോധന നടത്താനും ചികിത്സയ്ക്കും സൗകര്യമില്ലെന്ന് പറയുമ്പോൾ തന്നെ രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ അനുയായികള്‍ക്കും വീട്ടില്‍ പോയി ചികിത്സ നല്‍കേണ്ട അവസ്ഥയാണെന്ന് കത്തില്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെയും റാലികളുടെയും മറവില്‍ വൈറസ് വ്യാപനം വര്‍ധിക്കാന്‍ കാരണവും ഇവര്‍ തന്നെയാണെന്നും കത്തില്‍ ആരോപിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനയ്ക്കായി വിഐപി കൗണ്ടറുകളുണ്ടെന്നും രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സ്വയം പരിശോധന നടത്താന്‍ അനുവദിക്കുമെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് പരിശോധനയ്ക്കായി പ്രത്യേക കൗണ്ടറുകള്‍ ഇല്ലെന്നും പരാതിയില്‍ പറയുന്നു.മെഡിക്കല്‍ സൂപ്രണ്ടിന്റെ നിയമപരമായ ഉത്തരവ് ഇല്ലെങ്കിലും ഭൂരിപക്ഷം രാഷ്ട്രീയക്കാരും ഡോക്ടര്‍മാരെ അവരുടെ വസതിയിലേക്ക് വിളിക്കുന്നതായും പരാതിയില്‍ പറയുന്നു.











