ലഖ്നൗ: ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. അഖിലേഷ് യാദവ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോയി.
കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായി. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വീട്ടില്‍ നിരീക്ഷത്തില്‍ പ്രവേശിക്കുകയും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ചികിത്സ ആരംഭിക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളില്‍ സമ്പർക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുകയും കോവിഡ് പരിശോധന നടത്തുകയും വേണം – അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്വയം നിരീക്ഷണത്തിലാണ്. നവരാത്രി- റംസാൻ ആഘോഷങ്ങൾ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് വ്യാപനം വർദ്ധിക്കാനിടയുള്ളതിനാൽ ഉത്തർ പ്രദേശ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിൽ ഒരേ സമയം അഞ്ചിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.








