ഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഹരിദ്വാറില്‍ നടക്കുന്ന മഹാകുംഭമേളയ്‌ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെയാണ് ഉത്തരാഖണ്ഡ് സര്‍ക്കാരും മതനേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കുംഭമേള ഇന്ന് അവസാനിപ്പിക്കാന്‍ തീരുമാനമായെന്ന സൂചനകള്‍ പുറത്തുവന്നത്. ഗംഗാ നദീതീരത്ത് നടക്കുന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഒത്തുചേരുന്നത്. രാജ്യവ്യാപകമായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയില്‍ കൂംഭമേള നടത്തിയത് വന്‍ ആശങ്കയാണ് ഉയര്‍ത്തുന്നത്.
ബുധനാഴ്ച രാവിലെ ‘ഷാഹി സ്‌നാനി’നായി ഭക്തരുടെ വലിയ ജനക്കൂട്ടമാണ് ഹര്‍ കി പൗരിലേക്ക് എത്തിയത്. തിരക്കില്ലാത്ത ഘട്ടങ്ങളില്‍ സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കാത്തതില്‍ ആളുകള്‍ക്ക് പിഴ ചുമത്തുന്നുണ്ട്. എന്നാല്‍ തിരക്കേറിയ പ്രധാന ഘട്ടങ്ങളില്‍ പിഴ ചുമത്തുന്നത് ബുദ്ധിമുട്ടേറുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഉത്തരാഖണ്ഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ് സ്ഥിരീകരിച്ചത് ചൊവ്വാഴ്ചയാണ്. ചൊവ്വാഴ്ച മാത്രം 1,925 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഹരിദ്വാറില്‍ രണ്ട് ദിവസത്തിനിടെ 1,000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.








