തിരുവനന്തപുരം: രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററിലെ ഹൃദയശസ്ത്രക്രിയ നിലച്ചു. ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നാണ് ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചത്. ന്യൂറോസര്‍ജറി വിഭാഗത്തിലും അടിയന്തരപ്രാധാന്യമുള്ള ശസ്ത്രക്രിയകള്‍ മാത്രമാവും നടത്തുക. രോഗികളെയും ജീവനക്കാരെയും കൂടുതല്‍ പരിശോധനകള്‍ക്കും വിധേയരാക്കും.
അതേസമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 18,257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ടുമുന്‍ ദിവസം ഇത് 13,835 ആയിരുന്നു. 24 മണിക്കൂറിനകം 4,422 രോഗികളുടെ വര്‍ദ്ധനവാണുണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ സംസ്ഥാന റെക്കാഡാണിത്. 16.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 25 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. അതിവേഗ വ്യാപനമുയര്ത്തുന്ന വെല്ലുവിളിക്കൊപ്പം മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ കൊവിഡ് വാര്‍ഡുകളില്‍ രോഗികള്‍ നിറഞ്ഞതോടെ സ്ഥിതി സങ്കീര്‍ണമായിരിക്കുകയാണ്.
Discussion about this post