ദുബൈ: ആരോഗ്യ, വാണിജ്യ മേഖലയില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ അബൂദബിയില്‍ യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നെഹ്യാനും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും തമ്മില്‍ നടത്തിയ ചര്‍ച്ചയിൽ തീരുമാനമായി. കോവിഡ് കാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ചര്‍ച്ച ചെയ്തു.
ഇന്ത്യ- യു.എ.ഇ സഹകരണം വാണിജ്യ, സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ കൂടുതല്‍ അവസരം സൃഷ്ടിക്കുമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലെ ചരിത്രപരമായ ബന്ധത്തിനും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള നടപടികള്‍ക്കും ശൈഖ് അബ്ദുല്ല നന്ദി പറഞ്ഞു. സഹമന്ത്രി അഹ്മദ് അലി അല്‍ സയെഗും ചര്‍ച്ചയില്‍ പങ്കെടുത്തു.
ശൈഖ് അബ്ദുല്ലയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സന്തോഷമുണ്ടെന്നും ചര്‍ച്ചകള്‍ മുന്നോട്ടുപോകുമെന്നും ഡോ. എസ്. ജയ്ശങ്കര് ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസങ്ങളിലായി വിവിധ കേന്ദ്രമന്ത്രിമാര്‍ യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. നാലു മാസം മുമ്പ് ജയ്ശങ്കര് യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ വെച്ച് ശൈഖ് അബ്ദുല്ലയും ജയ്ശങ്കറും കൂടിക്കാഴ്ച നടത്തി. ജനുവരിയില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യു.എ.ഇയില്‍ എത്തിയിരുന്നു.
Discussion about this post