ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മഞ്ഞുമല ഇടിഞ്ഞു വീണു. നേരത്തെ മഞ്ഞുമല ഇടിഞ്ഞു വീണ് നിരവധി പേർ മരിച്ച ചമോലിയിൽ തന്നെയാണ് ഇപ്പോഴും ദുരന്തമുണ്ടായിരിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം ഗർവാൾ ജില്ലയിലെ സുംന പ്രദേശത്താണ് മഞ്ഞു മല ഇടിഞ്ഞു വീണിരിക്കുന്നത്.
അതിർത്തിയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ബോർഡർ റോഡ് ഓർഗനൈസേഷൻ തൊഴിലാളികൾ സംഭവ സ്ഥലത്ത് കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണ്.
കുടുങ്ങിക്കിടന്ന തൊഴിലാളികളിൽ 291 പേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ സഹായം ഉറപ്പു നല്‍കിയെന്നും ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർത്ഥ് സിംഗ് റാവത്ത് അറിയിച്ചു.
അതേസമയം പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഋഷി ഗംഗാ നദിയിലെ ജലനിരപ്പ് രണ്ടടി ഉയര്‍ന്നതായി ദേശീയ ദുരന്ത നിവാരണ സേന വൃത്തങ്ങള്‍ പറഞ്ഞു. പ്രദേശത്ത് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.












