കൊൽക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഇന്ന് ഏഴാം ഘട്ട വോട്ടെടുപ്പ്. കർശനമായ നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നത്. 34 മണ്ഡലങ്ങളാണ് ഏഴാഘട്ടത്തില്‍ വിധിയെഴുതുന്നത്.
മുഖ്യമന്ത്രി മമത ബാനര്‍ജി മുന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്ന ഭവാനിപുര്‍ മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്. തലസ്ഥാന നഗരമായ കൊല്‍ക്കത്തയും ഈ ഘട്ടത്തിലാണ് പോളിംഗ്. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.
268 സ്ഥാനാര്‍ഥികളാണ് ഏഴാം ഘട്ടത്തിൽ ബംഗാളിൽ മത്സരരംഗത്തുള്ളത്. ഇതില്‍ 37 പേര്‍ വനിതകളാണ്. 86 ലക്ഷം ജനങ്ങള്‍ ഇന്ന് വോട്ടവകാശം വിനിയോഗിക്കും.
രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഇവിടങ്ങളിൽ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. മെയ് 16നാണ് ഈ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്.
വ്യാഴാഴ്ചയാണ് എട്ടാം ഘട്ട വോട്ടെടുപ്പ്. മെയ് 2നാണ് ഫലപ്രഖ്യാപനം.







