തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. 28 ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്കാലികമായി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
മെയ് മാസത്തിൽ കൊവിഡ് വ്യാപന തോത് അനുസരിച്ച് പ്രായോഗിക പരീക്ഷ നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാൽ കൊവിഡ് വ്യാപനം തീവ്രമായി തന്നെ തുടരുകയാണെങ്കിൽ പ്രായോഗിക പരീക്ഷ പൂർണമായും ഒഴിവാക്കിയേക്കും. പകരം തിയറി മാർക്കിന്റെ ശരാശരി കണക്കാക്കി പ്രായോഗിക പരീക്ഷയുടെ മാർക്ക് നിശ്ചയിക്കാനാണ് ആലോചന.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നൽകും. പരീക്ഷ മാറ്റിവയ്ക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാകും.
Discussion about this post