തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായിരിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ടി.വി സീരിയല്‍ ഷൂട്ടിംഗ് നിർത്തി വെക്കും.
പച്ചക്കറി, മീന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിച്ച് കച്ചവടം നടത്തണം. ഇവര്‍ രണ്ടു മാസ്ക് ധരിക്കുകയും വേണം. വീട്ടു സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്കാന് കച്ചവടക്കാര്‍ മുന്‍ഗണന നല്‍കണം. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്സ്ആപ്പില്‍ നല്കിയാല് എത്തിക്കാന്‍ ഡെലിവറി സംവിധാനം ഒരുക്കണം.
സംസ്ഥാനത്ത് പുതിയ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും. അടിയന്തര ഘട്ടത്തില്‍ ആയുര്‍വേദ ആശുപത്രികള്‍ കൊവിഡ് ചികിത്സ കേന്ദ്രങ്ങള്‍ ആക്കും.
ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി അടുത്ത സമ്പർക്കത്തിലൂടെ അല്ലാതെയും രോഗം പകരും. വാക്സിനേഷന്‍കേന്ദ്രങ്ങളിലും പരിശോധന കേന്ദ്രങ്ങളിലും തിരക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത ഒരാഴ്ച കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്തും. നാലാം തീയതി മുതല്‍ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ഓക്സിജന്‍ സിലിണ്ടറുമായി പോകുന്ന വാഹനങ്ങളില്‍ ഓക്സിജന്‍ എമര്‍ജന്‍സി സ്റ്റിക്കര്‍ പതിക്കണം. മുന്‍വശത്തും പിന്‍വശത്തും വ്യക്തമായി കാണാനാവണം. മരുന്നുകളും മെഡിക്കല്‍ ഉപകരണവുമായി പോകുന്ന വാഹനങ്ങളിലും ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിക്കണം.
ബാങ്കുകള്‍ രണ്ട് മണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post