തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലകളിൽ മുൻപുള്ളതിനേക്കാൾ കേസുകൾ കൂടുന്ന പ്രവണത കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം നഗര-ഗ്രാമ അന്തരം താരതമ്യേന കുറവാണെന്നതും, ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്നതും ആശ്വാസകരമായ കാര്യമാണ്. എങ്കിലും നഗരങ്ങളിലുള്ളതു പോലെത്തന്നെ ശക്തമായ നിയന്ത്രണങ്ങൾ ഗ്രാമ പ്രദേശങ്ങളിലും അനിവാര്യമാണെന്നാണ് ഈ വസ്തുത വ്യക്തമാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങൾ വിട്ടു വീഴ്ചയില്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ അക്കാര്യം ഉറപ്പു വരുത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ ഉണ്ടാകുന്ന വർദ്ധനവ് കാണിക്കുന്നത് കേരളത്തിൽ രോഗം ഉച്ചസ്ഥായിയിൽ എത്താൻ ഇനിയും സമയമെടുക്കും എന്നാണ്. രോഗവ്യാപനം ഇനിയും കൂടുമെന്ന് അതിൽ നിന്നും മനസ്സിലാക്കാം.
നടപ്പ്, ഓട്ടം, വിവിധതരം കായികവിനോദങ്ങൾ മുതലായ വ്യായാമ മുറകൾക്കായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇത്തരം വ്യായാമമുറകൾക്ക് വീടും വീട്ടുപരിസരവും ഉപയോഗിക്കണം. പൊതുസ്ഥലങ്ങളിൽ പോകുന്നവർ രണ്ട് മാസ്ക് ധരിക്കണം. രണ്ട് മാസ്ക് ഉപയോഗിക്കുന്നവർ ആദ്യം സർജിക്കൽ മാസ്കും പുറമെ തുണി മാസ്കും ധരിക്കണം. അല്ലെങ്കിൽ എൻ-95 മാസ്ക് ഉപയോഗിക്കണം.
56 ശതമാനം ആളുകളിലേയ്ക്കു രോഗം പകർന്നത് വീടുകളിൽ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് നടത്തിയ പഠനം കണ്ടെത്തിയത്. എല്ലാവരും അവരവരുടെ കുടുംബത്തിനു ചുറ്റും ഒരു സുരക്ഷാവലയം ഒരുക്കാൻ ആത്മാർത്ഥമായി ശ്രമിക്കണം. വീട്ടിൽ നിന്നു പുറത്തിറങ്ങുന്നവർ കർശനമായ ജാഗ്രത പുലർത്തണം. വീട്ടിലെ വയോജനങ്ങളും കുട്ടികളും ആയി ഇടപഴകുമ്പോൾ നന്നായി ശ്രദ്ധിക്കണം.
സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണമെന്നു നേരത്തേ നിർദേശം നൽകിയിരുന്നു. ഇപ്പോഴും 50 ശതമാനം കിടക്കകൾ സജ്ജമാക്കാത്തവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post