ഗിൽഗിത്ത് ബാൾട്ടിസ്ഥാൻ: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ പ്രതിദിനം 20 മണിക്കൂർ പവർ കട്ട്. പാകിസ്ഥാനിലെ ഗിൽഗിത്ത്- ബാൾട്ടിസ്ഥാൻ മേഖലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിരിക്കുന്നത്. റംസാൻ മാസം ഇരുട്ടിൽ ആചരിക്കേണ്ട ഗതികേടിനെ തുടർന്ന് പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടയ്ക്കിടെ ചില പ്രഖ്യാപനങ്ങൾ നടത്താറുണ്ടെങ്കിലും പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്ന് മേഖലയിലെ ജനങ്ങൾ പരാതിപ്പെടുന്നതായി അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ദേശീയ ഗ്രിഡുമായി ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ വൈദ്യുതി വിതരണം ബന്ധിപ്പിച്ചിട്ടില്ലാത്തതാണ് പ്രശ്നത്തിന് കാരണം. നിലവിലെ പവർ സ്റ്റേഷനുകളുടെ ഉദ്പാദനക്ഷമതയിലെ കുറവാണ് മറ്റൊരു പ്രശ്നം. പുതിയ പവർ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാനിലെ അമ്പത് മില്ല്യൺ ജനങ്ങൾക്കും വൈദ്യുതി ലഭ്യമായിട്ടില്ലെന്ന് ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.












