ബംഗലൂരു: ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കളെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പതിനാലുകാരൻ അറസ്റ്റിലായി. 41 വയസ്സുകാരനായ പിതാവിനെയും 34 വയസ്സുകാരിയായ മാതാവിനെയുമാണ് കൗമാരക്കാരൻ മൃഗീയമായി കൊലപ്പെടുത്തിയത്. കർണ്ണാടകയിലെ പീന്യയിൽ ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറുടെ ചേംബറിനുള്ളിലായിരുന്നു കൊലപാതകം.
ഓഫീസിലെ സുരക്ഷാ ജീവനക്കാരനായ ഹനുമന്ത്രായ, ഭാര്യയും ഹൗസ്കീപ്പിംഗ് ജീവനക്കാരിയുമായ ഹൊന്നമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ ശൗചാലയത്തിനുള്ളിൽ നിന്നാണ് കണ്ടെടുത്തത്.
ദമ്പതികളുടെ ഇളയ മകൻ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഉറങ്ങി കിടക്കുകയായിരുന്ന അച്ഛനെ കൊല്ലാനാണ് കല്ലുമായി എത്തിയത്. എന്നാൽ അബദ്ധത്തിൽ കല്ല് അമ്മയുടെ തലയിലും വീഴുകയായിരുന്നു. പ്രദേശത്തെ കുട്ടികളോടൊപ്പം കളിച്ചു നടക്കുന്നതിന് തന്നെയും സഹോദരനെയും അച്ഛൻ വഴക്കു പറഞ്ഞിരുന്നതായും അതിനാൽ അച്ഛനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.
ഓഫീസിന് സമീപത്തെ ഷെഡിൽ താമസിച്ചിരുന്ന ദമ്പതികൾ രാത്രി ഓഫീസിനുള്ളിലാണ് ഉറങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സമയമായിട്ടും ഓഫീസ് തുറക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ ശൗചാലയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയതാണെന്ന് ബോദ്ധ്യപ്പെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി.










