തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി ആരോഗ്യവകുപ്പ്. എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റും. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും ഇവിടങ്ങളില്‍ ലഭ്യമാക്കണം. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഈ മാസം 31 വരെ ആരോഗ്യരംഗത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക ലക്ഷ്യമിട്ട് മാര്‍ഗരേഖ പുതുക്കിയത്.
മെയ് 31 വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സക്ക് പ്രാധാന്യം നല്‍കാനുള്ള നിര്‍ദേശമാണ് പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്. മുഴുവന്‍ ഗ്രാമപ്രദേശങ്ങളിലുമുള്ള പനി ക്ലിനിക്കുകള്‍ കോവിഡ് ക്ലിനിക്കുകളായി മാറുന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകള്‍ ഒരുക്കും. സെമി വെന്റിലേറ്റര്‍ സൗകര്യമായ ബൈപാസ് സജ്ജീകരിക്കാന്‍ കഴിയുന്ന ആശുപത്രികളിലെല്ലാം അത്തരം സജ്ജീകരണങ്ങള്‍ ഒരുക്കണം. ഓക്സിജന്‍ ക്ഷാമം പരമാവധി കുറക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
കൊവിഡ് സ്ഥിരീകരിക്കുന്ന കിടപ്പുരോഗികള്‍ക്ക് അവിടെ തന്നെ ഓക്സിജന്‍ അടക്കമുള്ള അത്യാവശ്യ സാമഗ്രികള്‍ എത്തിക്കാന്‍ നിര്‍ദേശം നല്കി. പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തേണ്ടത്. മറ്റ് രോഗികള്‍ക്ക് പ്രാധാന്യത്തിനനുസരിച്ചു മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്കിയാല് മതിയെന്നും നിര്‍ദേശമുണ്ട്. മേയ് 31 വരെ ഗുരുതരമായ സ്ഥിതിയിലൂടെയായിരിക്കും സംസ്ഥാനം കടന്നുപോകുക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ കൊവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കിയത്.
Discussion about this post