ഡൽഹി:ഡൽഹിയിലെ സരോജ് ഹോസ്പിറ്റലിലെ 80 ഡോക്ടർമാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതേ ഹോസ്പിറ്റലിലെ സീനിയർ സർജനായ എ കെ റാവത്ത് കൊവിഡ് ബാധയെ തുടന്ന് മരിച്ചു. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 80 പേരിൽ 12 പേരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും, മറ്റുള്ളവർ വീട്ടിൽ തന്നെ ക്വാറന്റൈനിൽ തുടരുന്നതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സീനിയർ സർജനായ എ കെ റാവത്ത് 27 വർഷമായി ഈ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ വേർപാട് ജീവനക്കാർക്ക് കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്.
ഡൽഹിയിലെ നിരവധി ആശുപത്രികളിലായി ഇതിനോടകം മുന്നൂറിലധികം ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഹോസ്പിറ്റലിലും കൊവിഡ് ബാധ സംഭവിച്ചതിനാൽ ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റുകൾ അടച്ചിട്ടിരിക്കുകയാണ്.
ഡൽഹി ജിടിബി ഹോസ്പിറ്റലിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകം യുവഡോക്ടർ മരിച്ചു. 26 വയസ്സുള്ള ഡോ. അനസ് മുജാഹിദ് ആണ് മരിച്ചത്. ഞായറാഴ്ച മാത്രം ദില്ലിയിൽ 273 പേർ കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. 13,336 പേരിലാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post