കാബൂള്‍: ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായ വിനേഷ് കലാറ അഫ്ഗാനിസ്താനില്‍ കോവിഡ് ചികിത്സയിലിരിക്കെ അന്തരിച്ചു . മസാര്‍-ഇ-ശരീഫ് നഗരത്തിലെ കോണ്‍സുല്‍ ജനറലായ വിനേഷ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ തുടരുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
ജോലിക്കായി ജീവിതം സമര്‍പ്പിച്ച സഹപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അനുശോചിച്ചു. കലാറയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
വിനേഷ് കലാറയുടെ മരണത്തില്‍ അഫ്ഗാനിസ്താന് അംബാസിഡറും കടുത്ത ദുഃഖം രേഖപ്പെടുത്തി. ഇന്ത്യ-അഫ്ഗാനിസ്താന് ബന്ധം ശക്തിപ്പെടുത്താന്‍ കനത്ത സംഭാവനയാണ് വിനേഷ് കലാറ നല്‍കിയതെന്നും അഫ്ഗാന് അംബാസിഡര്‍ ഫരീദ് മമുണ്ട്സേ ട്വീറ്റ് ചെയ്തു.
ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും രാജ്യത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് കലാറയെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദ് ബാച്ചി പറഞ്ഞു.








