തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ മൂന്നാറിലെ സി എസ് ഐ ധ്യാനത്തില്‍ പങ്കെടുത്ത ഒരു വൈദികന് കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാദര്‍ ബിനോകുമാര്‍ ആണ് മരിച്ചത്. ഇതോടെ ധ്യാനത്തില്‍ പങ്കെടുത്ത് കോവിഡ് ബാധിച്ചു മരിച്ച വൈദികരുടെ എണ്ണം മൂന്നായി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ ധ്യാനം നടത്തിയതിനെതിരെ പോലിസ് കേസെടുത്തിരുന്നു. കോവിഡ് ബാധിച്ചു കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് ബിനോകുമാര്‍ മരണപ്പെട്ടത്.
കൊവിഡ് കാലത്ത് സിഎസ്ഐ സഭ മൂന്നാറില്‍ നടത്തിയ ധ്യാനം വിവാദത്തിലായിരുന്നു. ധ്യാനത്തില്‍ പങ്കെടുത്ത ബിഷപ്പ് അടക്കം 100ല്‍ അധികം വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര് മരിക്കുകയും ചെയ്തിരുന്നു. അഞ്ചുപേരുടെ നില ഗുരുതരമാണ്. കോവിഡ് ബാധിച്ചവരില്‍ ദക്ഷിണ കേരള ഇടവക ബിഷപ്പും സിഎസ്ഐ മോഡറേറ്ററുമായ റവ. എ ധര്‍മരാജ് റസാലവും ഉള്‍പ്പെടുന്നു. അദ്ദേഹം വീട്ടില്‍ ക്വാറന്റീനിലാണ്.
കൊവിഡ് മാനദണ്ഡം ലംഘിച്ചാണ് ധ്യാനം നടത്തിയതെന്നാണ് സഭാംഗങ്ങളുടെ തന്നെ ആക്ഷേപം. ഏപ്രില്‍ 13 മുതല്‍ 17 വരെയായിരുന്നു മൂന്നാര്‍ സിഎസ്ഐ പള്ളിയില്‍ വൈദികരുടെ ധ്യാനം. ബിഷപ്പ് ധര്‍മരാജ് റസാലം നേതൃത്വം നല്കിയ ധ്യാനത്തില്‍ 422ഓളം വൈദികര്‍ പങ്കെടുത്തു.
കൊവിഡ് പരിഗണിച്ച് ധ്യാനം മാറ്റിവെക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും പങ്കെടുക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും സഭയില്‍ നിന്നുള്ള വൃത്തങ്ങള്‍ പറയുന്നു.
തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസുകളിലാണ് വൈദികരെ മൂന്നാറില്‍ എത്തിച്ചത്. ധ്യാനത്തിനിടെ വൈദികര്‍ക്ക് ശരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടെങ്കിലും കാലവസ്ഥ വ്യതിയാനം നിമിത്തമെന്ന് കരുതി. തുടര്‍ന്ന് നാട്ടിലെത്തിയിട്ടും അസ്വസ്ഥതകള്‍ വിട്ടുമാറാതിരുന്നപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post