അഹമ്മദാബാദ് / മുംബൈ : അതിശക്തമായ ചുഴലിക്കാറ്റായി രൂപം പ്രാപിച്ച ‘ടൗട്ടെ’ ഗുജറാത്ത് തീരം തൊട്ടു. മണിക്കൂറിൽ 165–175 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ച ടൗട്ടെ അടുത്ത രണ്ടു മണിക്കൂനകം പൂർണമായി കരയിലേക്ക് കടക്കും. ടൗട്ടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു കാരണമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മുൻകരുതൽ നടപടിയായി 17 ജില്ലകളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ഒരു ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയിരുന്നു. മുന്നറിയിപ്പിനെ തുടർന്നു മുംബൈ വിമാനത്താവളം താൽക്കാലികമായി അടച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ 8,383 പേരെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയെന്നു ജില്ലാ കലക്ടറുടെ ഓഫിസ് അറിയിച്ചു.











