കൊവിഡ് ബാധിച്ച് മരിച്ച പദ്മശ്രീ ജേതാവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുൻ പ്രസിഡന്റുമായിരുന്ന ഡോ കെകെ അഗര്‍വാളിന്റെ അവസാന വീഡിയോ പുറത്ത്. രോഗബാധിതനായി വെന്റിലേറ്ററിലേക്ക് മാറ്റപ്പെടുന്നതിന് മുൻപ്, മരണത്തിന് തൊട്ട് മുൻപ്, മൂക്കിൽ ഘടിപ്പിച്ച ഓക്സിജൻ ട്യൂബുമായി അദ്ദേഹം നടത്തിയ കൊവിഡ് ബോധവത്കരണ സന്ദേശത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
https://m.facebook.com/story.php?story_fbid=4603125276370823&id=100000201882897
‘ഞാൻ പ്രതിനിധാനം ചെയ്യുന്നത് ആരോഗ്യ മേഖലയെയാണ്. ഞാനും കൊവിഡ് ബാധിതനാണ്. കൊവിഡ് ന്യുമോണിയ ബാധിച്ച് ചികിത്സയിലാണ്. എങ്കിലും എനിക്ക് പറയാനുള്ളത് ഇതാണ്… ദി ഷോ മസ്റ്റ് ഗോ ഓൺ..! എന്ന് തുടങ്ങുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
കൊവിഡ് പ്രതിരോധത്തിന്റെ വിവിധ മാർഗ്ഗങ്ങളെക്കുറിച്ചും ഗ്രൂപ്പ് ടെലി കൺസൾട്ടേഷന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുന്ന അദ്ദേഹം, താൻ ഒരു വ്യക്തിയല്ലെന്നും മറിച്ച് ആരോഗ്യ പരിപാലന സംവിധാനത്തിന്റെ പ്രതിനിധിയായാണ് സംസാരിക്കുന്നതെന്നും പറയുന്നു.
കൊവിഡ് ബാധയെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ ഡൽഹി എയിംസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു ഡോക്ടർ കെ കെ അഗർവാളിന്റെ അന്ത്യം. ഡോക്ടറായതുമുതല്‍ പത്മശ്രീ ഡോ. കെ കെ അഗര്‍വാള്‍ തന്റെ ജീവിതം പൊതുജനക്ഷേമത്തിനായി സമര്‍പ്പിക്കുകയും ആരോഗ്യ അവബോധം വളര്‍ത്തുകയും ചെയ്തിരുന്നു. പകര്‍ച്ചവ്യാധികള്‍ക്കിടയിലും, ജനങ്ങളെ ബോധവത്കരിക്കുന്നതിന് നിരന്തരമായ ശ്രമങ്ങള്‍ നടത്തിയ അദ്ദേഹം നിരവധി വീഡിയോകളിലൂടെയും വിദ്യാഭ്യാസ പരിപാടികളിലൂടെയും 100 ദശലക്ഷത്തിലധികം ആളുകളിലേക്ക് ആരോഗ്യ സംബന്ധമായ കാര്യങ്ങൾ എത്തിക്കാൻ ശ്രമിച്ചിരുന്നു.











