തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി പരത്തി ബ്ലാക്ക് ഫംഗസ് ബാധയും. മൂന്ന് ജിലകളിൽ രോഗബാധ റിപ്പോർട്ട് ചെയ്തു. കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
കൊല്ലത്ത് പൂയപ്പള്ളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതർ അറിയിച്ചു.
മലപ്പുറത്ത് തിരൂരിൽ 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗ ബാധയെ തുടർന്ന് ഇദ്ദേഹത്തിൻ്റെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ഇയാൾ ചികിത്സയിലുള്ളത്.
നേരത്തെ മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് കണ്ണുകൾ നഷ്ടമാകുകയും ചെയ്തിരുന്നു.
കൊവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നു. വായുവിൽ കാണപ്പെടുന്ന മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് ബാധയ്ക്ക് കാരണം.
ഈ രോഗം തലച്ചോറിനെ ബാധിച്ചാല്‍ മരണത്തിന് കാരണമാകുന്നു. ബ്ലാക് ഫംഗസ് അന്ധതയ്ക്കും കാരണമാകാറുണ്ട്.കണ്ണുവേദന, മുഖത്തുണ്ടാകുന്ന വീക്കം, തലവേദന, പനി, മൂക്കടപ്പ്, കാഴ്ചക്കുറവ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
ബ്ലാക്ക് ഫംഗസ് രോഗബാധയ്ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് ഉന്നതതല യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചിട്ടുള്ള രോഗികളിൽ ഇവ പടരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് നീതി ആയോഗ് ആരോഗ്യ വിദഗ്ധൻ ഡോക്ടർ വി കെ പോൾ പറഞ്ഞു.
നേരത്തെ തന്നെ നിലവിലുള്ള രോഗബാധയാണ് ബ്ലാക് ഫംഗസ്. കൊവിഡാനന്തര രോഗങ്ങളുടെ കൂട്ടത്തിൽ മാരകമായേക്കവുന്ന അവസ്ഥയാണ് ഇത്. ഇതിന്റെ ചികിത്സയും വളരെ ചിലവേറിയതാണ്. പ്രതിദിനം 9,000 രൂപ ചിലവ് വരുന്ന ഇൻജക്ഷനും മറ്റ് ചികിത്സാ മാർഗങ്ങളും ചുരുങ്ങിയത് 21 ദിവസത്തേക്ക് വേണ്ടി വരും. ഇത്തരം രോഗബാധകളെ കൊവിഡിനെ പോലെ തന്നെ ഭയക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Leave a Comment