തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്‌ട്രികല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഈ ജീവനക്കാരനേയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് തൊഴിലാളികളെയും ജോലികളില്‍ നിന്ന് നിരീക്ഷണത്തിലേക്ക് മാറ്റി.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ ഉള്‍ക്കൊള്ളിച്ച് നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനമുയരുന്നതിനിടെയാണ് സ്റ്റേഡിയം തൊഴിലാളികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം 500 പേരെ ഉള്‍ക്കൊള്ളിച്ച് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. സത്യപ്രതിജ്ഞയില്‍ ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കെ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
Discussion about this post