ഭോപ്പാല്‍ : കോവിഡ് കെയര്‍ സെന്ററിലെ പരിശോധനയ്ക്കിടെ വൃത്തിഹീനമായി കണ്ട ടോയ്ലെറ്റ് വൃത്തിയാക്കി ബിജെപി എംപി. റേവയിലെ ബിജെപി എംപി ജനാര്‍ദ്ദന്‍ മിശ്രയാണ് മൗഗഞ്ചിലെ കുഞ്ച്ബിഹാരി കോവിഡ് കെയര്‍ സെന്ററിലെ ടോയ്ലെറ്റ് വൃത്തിയാക്കിയിരിക്കുന്നത്.
ടോയ്ലെറ്റിന്റെ അറപ്പുളവാക്കുന്ന അവസ്ഥ കണ്ട എംപി മറ്റാരുടെയും സഹായത്തിന് കാത്തു നില്‍ക്കാതെ കയ്യുറകള്‍ ധരിച്ച് ടോയ്ലെറ്റ് വൃത്തിയാക്കാന്‍ ആരംഭിക്കുകയാണ് ചെയ്തത്. ടോയ്ലെറ്റുകള് വൃത്തിയായി സൂക്ഷിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കോവിഡ് കെയര്‍ സെന്ററില്‍ സുരക്ഷിതമായ ശുചിത്വം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ജോലിയെയും ചെറുതോ വലുതോ ആയി കാണേണ്ട ആവശ്യമില്ലെന്നും എല്ലാവരും ഒരുമിച്ച് ഈ മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍മാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നു. ടോയ്ലെറ്റ് വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. അതുകണ്ടപ്പോള്‍ ഞാന്‍ വൃത്തിയാക്കി. സ്വയംപര്യാപ്തതയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കൂടി വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്. ജനാര്‍ദ്ദന്‍ മിശ്ര പറഞ്ഞു.
Discussion about this post