മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ ജന്മദിനത്തിൽ സഹപ്രവർത്തകരുടേയും ആരാധകരുടേയും പിറന്നാളാശംസകൾ കൊണ്ട് സാമൂഹ്യമാദ്ധ്യമങ്ങൾ നിറയുകയാണ്. കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ പ്രിയ താരത്തിന് ആശംസകൾ നേരാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ആരാധക സമൂഹം. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ദിനത്തിൽ ആരാണ് ആദ്യം ആശംസയർപ്പിക്കുക്ക എന്നതിൽ മത്സരിക്കുകയായിരുന്നു അവർ.
എന്നാൽ കടുത്ത ആരാധകരെയെല്ലാം പിന്നിലാക്കി കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ പ്രിയപ്പെട്ട മോഹൻലാലിന് ആശംസകൾ നേർന്നിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. മോഹൻ ലാലുമൊത്തുള്ള ഹരികൃഷ്ണൻസ് സിനിമയിലെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് മമ്മൂട്ടിയുടെ പിറന്നാളാശംസ. പ്രിയപ്പെട്ട ലാലിന് പിറന്നാളാശംസയെന്ന് ചിത്രത്തിൽ എഴുതിയിട്ടുണ്ട്.
ഇരുവരും ഒരുമിച്ച് 55 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പടയോട്ടം എന്ന സിനിമയിലാണ് ആദ്യമായി ഇരുവരും ഒരുമിച്ചത്. ഇതിൽ മോഹൻ ലാലിന്റെ അച്ഛന്റെ റോളായിരുന്നു മമ്മൂട്ടിക്ക്. ഇരുവരും ഒരുമിച്ച് അഭിനയിച്ച മിക്ക സിനിമകളും സൂപ്പർ ഹിറ്റായിരുന്നു.












