ഡൽഹി: ഛത്രാസൽ കൊലക്കേസിൽ ഗുസ്തി താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ സുശീൽ കുമാർ അറസ്റ്റിലായി. മെയ് 4ആം തീയതി സാഗർ റാണ എന്ന ഗുസ്തി താരം കൈയ്യാങ്കളിക്കിടെ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സംഭവത്തിൽ സുശീൽ കുമാറിനും മറ്റ് രണ്ടു പേർക്കുമെതിരെ കേസെടുത്തിരുന്നു. എന്നാൽ സംഭവത്തിൽ പങ്കില്ലെന്നായിരുന്നു സുശീൽ കുമാറിന്റെ വാദം. തുടർന്ന് സുശീൽ കുമാറിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ഇയാൾ ഒളിവിൽ പോയിരുന്നു.
സുശീലിനെയും കൂട്ടാളി അജയിനെയും ഞായറാഴ്ചയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ മുന്ദ്ക മേഖലയിൽ നിന്നുമാണ് ഇവർ പിടിയിലായത്.
നേരത്തെ ഡൽഹി കോടതി സുശീൽ കുമാറിന് മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഒളിമ്പിക്സിൽ രണ്ട് തവണ മെഡൽ നേടിയിട്ടുള്ള സുശീൽ കുമാർ കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് സ്വർണ്ണ മെഡലുകളും നേടിയിരുന്നു.










