ഡൽഹി: സിബിഎസ്‌ഇ പരീക്ഷ സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ക്കും പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ചേര്‍ന്ന യോഗമാണ് തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടത്. പരീക്ഷ ഉപേക്ഷിക്കണമെന്ന് ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടപ്പോള്‍ ചില പരീക്ഷകള്‍ മാത്രം നടത്താമെന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവെച്ചത്.
അതേസമയം സിബിഎസ്‌ഇ പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്വീകരിച്ചത്. പരീക്ഷാ സമയം കുറയ്ക്കുന്നത്, സെപ്തംബറിന് ശേഷം നടത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. സംസ്ഥാനങ്ങളിലെയും , കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, സംസ്ഥാന പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാല്‍ ‘നിഷാങ്ക്’, കേന്ദ്ര വനിതാ-ശിശു മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരും പങ്കെടുത്തു.
സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്, വിദ്യാഭ്യാസ മന്ത്രാലയം, സിബിഎസ്‌ഇ എന്നിവ പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്ന് രമേശ് പൊഖ്രിയാല്‍ നേരത്തെ സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയും സംരക്ഷണവും കണക്കിലെടുത്താകും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പരീക്ഷകളുടെയും തീയതിക്ക് അന്തിമരൂപം നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, മിക്കവാറും എല്ലാ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളും സിബിഎസ്‌ഇയും ഐസിഎസ്‌ഇയും അവരുടെ ഇക്കൊല്ലത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുകയാണ്.
Discussion about this post