ഡൽഹി: പി എൻ ബി തട്ടിപ്പ് കേസിൽ പ്രതിയായ മെഹുൽ ചോക്സി പിടിയിൽ. കരീബിയൻ ദ്വീപായ ഡൊമിനക്കയിൽ നിന്നുമാണ് ഇയാൾ പിടിയിലായിരിക്കുന്നത്. ബോട്ടിൽ ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡൊമിനിക്കയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ചോക്സിക്കെതിരെ ഇൻറർപോൾ ‘യെല്ലോ കോർണർ’ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആൻറിഗ്വയിൽ നിന്ന് ഞായറാഴ്ച മുതൽ ചോക്സിയെ കാണാതായിരുന്നു. നിലവിൽ ഡൊമിനക്കയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ(സി.ഐ.ഡി) കസ്റ്റഡിയിലുള്ള ചോക്സിയെ ആന്റിഗ്വ പോലീസിനു കൈമാറാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2017-ൽ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുപിന്നാലെ കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്സി അവിടെ പൗരത്വം സ്വീകരിച്ച് താമസിച്ചു വരികയായിരുന്നു. ചോക്സി രാജ്യംവിട്ടതായി വിശ്വസനീയമായ വിവരങ്ങളൊന്നുമില്ലെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Discussion about this post