ഡൽഹി: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ചൈനയുടെ ഇടപെടലുണ്ടായെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ. ചൈനക്കെതിരെ കർശനമായ നിലപാട് സ്വീകരിച്ച ഡൊണാൾഡ് ട്രമ്പിന്റെ തോൽവി മറ്റാരെക്കാളും ചൈന ആഗ്രഹിച്ചിരുന്നു. ലഡാക്കിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ കണ്ണിലെ കരടാണെന്നും അദ്ദേഹം പറഞ്ഞു.
വിട്ടുവീഴ്ചയില്ലാത്ത ഇത്തരം സമീപനങ്ങൾ നിമിത്തം 2024ലെ ഇന്ത്യൻ തെരഞ്ഞെടുപ്പിലും ചൈന ഇടപെട്ടേക്കാമെന്ന് ബിജെപി ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ഇതെ തന്റെ മാത്രം അഭിപ്രായമല്ലെന്നും ഇത്തരം ചർച്ചകൾ ലോകമെമ്പാടും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് മനുഷ്യനിർമ്മിതമാകാമെന്നും ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ചൈനയുടെ ഗൂഢപദ്ധതിയുടെ ഭാഗമാകാം ഇതെന്നും അദ്ദേഹം പറയുന്നു.
കൊവിഡ് രണ്ടാം തരംഗ വ്യാപനം ഇന്ത്യയെ മാത്രമല്ല ബാധിച്ചതെന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും കൈലാഷ് വിജയവർഗിയ പറഞ്ഞു. ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളെയും രോഗബാധ ഗുരുതരമായി ബാധിച്ചിട്ടുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി.







