ഡൽഹി: ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ഇന്ത്യൻ വ്യവസായി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറണമെന്ന് ഡൊമൊനിക്കയോട് ആവശ്യപ്പെട്ട് ആന്റിഗ്വ പ്രധാനമന്ത്രി ഗാസറ്റ്ൺ ബ്രൗൺ.
ഡൊമിനിക്കയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ചോക്സിക്കെതിരെ ഇൻറർപോൾ ‘യെല്ലോ കോർണർ’ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആൻറിഗ്വയിൽ നിന്ന് ഞായറാഴ്ച മുതൽ ചോക്സിയെ കാണാതായിരുന്നു. നിലവിൽ ഡൊമിനക്കയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ(സി.ഐ.ഡി) കസ്റ്റഡിയിലുള്ള ചോക്സിയെ ആന്റിഗ്വ പോലീസിനു കൈമാറാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2017-ൽ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്സി അവിടെ പൗരത്വം സ്വീകരിച്ച് താമസിച്ചു വരികയായിരുന്നു. പതിനാലായിരം കോടിയുടെ പി എൻ ബി വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായി ഇന്ത്യയിൽ നിന്നും മുങ്ങി ആന്റിഗ്വയിൽ കഴിഞ്ഞു വരികയായിരുന്നു. ചോക്സിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രിയുമായി കഴിഞ്ഞയാഴ്ച ചർച്ച നടത്തിയിരുന്നു.
വിവാദ വ്യവസായി നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണൽ ബാങ്കില്‍ നിന്ന് 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ ഇന്ത്യയിൽ നടപടികൾ പുരോഗമിക്കുകയാണ്.











