ഡൽഹി: വളർത്തുനായക്കെതിരെ ക്രൂരത കാട്ടിയതിന് യൂട്യൂബർ അറസ്റ്റിൽ. വളർത്തുനായയെ ഹൈഡ്രജൻ ബലൂണിൽ കെട്ടി പറപ്പിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് അറസ്റ്റ്. ഗൗരവ്സോൺ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ഗൗരവ് ജോണിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇയാളുടെ അമ്മയ്ക്കെതിരെയും കേസെടുത്തു.
വളർത്തുനായയെ ഹൈഡ്രജൻ ബലൂണുകളിൽ കെട്ടി പറപ്പിക്കുന്നതിന്റെ വീഡിയോ അടുത്തിടെയാണ് ഗൗരവ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. നായ ബലൂണുകൾക്കൊപ്പം പറന്നുയരുന്നതും ഇത് കണ്ട് ഗൗരവും കൂടെയുണ്ടായിരുന്ന അമ്മയും ആർപ്പുവിളിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. യൂട്യൂബിൽ 40 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ചാനലാണ് ഗൗരവ് സോൺ.
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മൃഗസംരക്ഷണ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ഗൗരവിനെതിരേ പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന ഡൽഹി മാൽവിയനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ പരാതി പ്രകാരമാണ് പൊലീസ് നടപടി.
മൃഗസ്നേഹികളുടെ പരാതിയെ തുടർന്ന് വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. ഇതോടെ സംഭവത്തിൽ മാപ്പ് ചോദിച്ച് ഗൗരവ് മറ്റൊരു വീഡിയോയുമായി രംഗത്ത് വന്നു.
Discussion about this post