ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് വാഹനാപകടം. നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ 3.50-ഓടെയായിരുന്നു അപകടം.
കാർ യാത്രക്കാരായ കായംകുളം സ്വദേശികളാണ് മരിച്ചത്. സെമീന മന്‍സിലില്‍ കുഞ്ഞുമോന്റെ മകന് റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാല്‍(5), ഉണ്ണിക്കുട്ടന് എന്നിവരാണ് ഇവർ.
കാറിൽ മറ്റ് രണ്ടു പേർ കൂടി ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു പോയി.
അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് പേരുടെയും നില ഗുരുതരമാണെന്നാണ് വിവരം. കായംകുളത്തു നിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാര്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ അമിതവേഗത്തിലായിരുന്നു എന്നാണ് സൂചന.
Discussion about this post