തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി ലക്ഷ്മിപ്രിയ. തനിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി വ്യക്തമാക്കി.
പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി ഇട്ടല്ല ഹീറോയിസം കാണിക്കേണ്ടത്. ഫേക്ക് ഐഡികളിൽ കിടന്നു പുളയ്ക്കുന്നവർ സ്വന്തം മുഖവും അഡ്ഡ്രസ്സും ഉപയോഗിച്ച് ധൈര്യം കാണിക്കണമെന്നും നടി പറയുന്നു.
മതേതര ഇന്ത്യയിൽ ആർക്ക് എന്തു മതവും സ്വീകരിക്കാം.തന്നെ ഭർത്താവ് ചാക്കിൽ പൊതിഞ്ഞ് സിറിയയിൽ ആടിനെ മേയ്ക്കാൻ അയച്ചില്ല. മതം മാറാൻ ആവശ്യപെട്ടില്ല. കേവലം മതം അല്ല മനസ്സാണ് മാറേണ്ടത്. വെറുതെ എന്റെ പേര് മാത്രം മാറ്റിയാൽ മതം എങ്ങനെ മാറാൻ കഴിയും? ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് സനാതന ധർമ്മ വിശ്വാസി ആയി ജീവിക്കുന്നതെന്നും നടി പറഞ്ഞു.
താൻ ബിജെപി അനുഭാവിയാണ്. അത് ഈ രാജ്യം നൽകുന്ന സ്വാതന്ത്ര്യമാണ്. ഒരുവന് ഇഷ്ട്ടമുള്ള പാർട്ടിയിൽ വിശ്വസിക്കാം. നിങ്ങൾ പറയുന്ന പ്രകാരം ആണെങ്കിൽ ഇവിടെ ഇടതുപക്ഷം മാത്രമല്ലേ ഉണ്ടാവൂ? ഇന്ത്യയിൽ കേരളം ഒഴികെ മറ്റ് ഏതു സംസ്ഥാനത്ത് ഈ പാർട്ടി ഉണ്ട്? ലക്ഷ്മിപ്രിയ ചോദിക്കുന്നു.
ഞാൻ ചാണകത്തിൽ കിടന്നാലും സെപ്റ്റിക് ടാങ്കിൽ കിടന്നാലും ഹിന്ദു ആയാലും ഇസ്ലാം ആയാലും ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഒരു ചുക്കും സംഭവിക്കാനില്ല. വളരെ വളരെ സാധാരണക്കാരിയായ ഒരു സ്ത്രീയാണ് ഞാൻ. മതത്തിന്റെയോ രാഷ്ട്രീയത്തിന്റേയോ പേരിൽ ഒരാളെയും വേർതിരിച്ചു ഞാൻ കണ്ടിട്ടില്ല. ആരെയും മതം മാറ്റാനോ രാഷ്ട്രീയം മാറ്റാനോ ശ്രമിച്ചിട്ടില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു.
ബി ജെ പി അധ്യക്ഷൻ കുഴൽ പണം കടത്തിയാൽ പാർട്ടി അല്ല ഇവിടുത്തെ നീതി ന്യായ വ്യവസ്ഥ നോക്കിക്കൊള്ളും. മേലിൽ തെറി പറയാനോ രാഷ്ട്രീയം പറയാനോ തന്റെ പേജിൽ വരരുതെന്നും നടി മുന്നറിയിപ്പ് നൽകുന്നു.
Discussion about this post