ഡല്‍ഹി: രാജസ്ഥാന്, പഞ്ചാബ് എന്നിവിടങ്ങള്‍ക്കു പിന്നാലെ ആസാം കോണ്‍ഗ്രസിലും പൊട്ടിത്തെറി. ആസാമിലെ ജനകീയ നേതാവായ രൂപ്ജ്യോതി കുര്‍മി എംഎല്‍എ കോണ്‍ഗ്രസ് വിട്ടു. ബിജെപിയില്‍ ചേരുമെന്നും കുര്‍മി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിയാണ് നയിക്കുന്നതെങ്കില്‍ പാര്‍ട്ടി വന്‍പതനത്തില്‍ എത്തുമെന്നും അദ്ദേഹം തുറന്നടിച്ചു.
രൂപ്ജ്യോതി കുര്‍മി നാലു തവണ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവച്ചാണ് പാര്‍ട്ടി വിട്ടത്. തെരഞ്ഞെടുപ്പു കഴിഞ്ഞ് രണ്ടു മാസം തികയും മുന്‍പാണ് കുര്‍മിയുടെ രാജി. യുവനേതാക്കളില്‍ പ്രമുഖനാണ്. നിയമസഭയിലെ 29 എംഎല്‍എമാരില്‍ ഗോത്രവര്‍ഗമായ കുര്‍മി സമുദായാംഗമാണ് രൂപ്ജ്യോതി.
മറിയാനി മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. 21ന് ലഖിംപൂരില്‍ നടക്കുന്ന പരിപാടിയില്‍ വച്ച് ബിജെപിയില്‍ ചേരുമെന്നാണ് കുര്‍മിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രി ഹീമാന്ത ബിശ്വശര്‍മ്മയുടെ നേതൃത്വം കരുത്തുറ്റതാണെന്നും കുര്‍മി പറഞ്ഞു.
പഞ്ചാബില്‍ നവജ്യോത് സിങ്ങ് സിദ്ധു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ നയിക്കുന്ന പടയും രാജസ്ഥാനില്‍ സച്ചിന് പൈലറ്റും കൂട്ടരും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിെനതിരെ നടത്തുന്ന പോരാട്ടവും ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്, എന്‍സിപി ശിവസേനാ സഖ്യത്തിലും വന്‍ വിള്ളല്‍ രൂപപ്പെട്ടു കഴിഞ്ഞു. ഇത് ഉദ്ധവ് താക്കറെയുടെ സര്‍ക്കാരിന്റെ പതനത്തില്‍ എത്തുമെന്ന ആശങ്കയും സഖ്യത്തില്‍ പടര്‍ന്നിട്ടുണ്ട്.
യുപിയില്‍ മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വലം കൈയുമായിരുന്ന ജിതിന് പ്രസാദ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ ആഘാതം കോണ്‍ഗ്രസിനെ വേട്ടയാടുകയാണ്. ഇതിനിടയ്ക്കാണ് ആസാം കോണ്‍ഗ്രസിലെ കലാപം.
Discussion about this post