മുംബൈ: ഇന്ത്യയിലെ പത്തിലൊന്ന് കോവിഡ് രോഗികള്‍ക്ക് റിലയന്‍സ് ഓക്സിജന്‍ ലഭ്യമാക്കിയെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിതാ അംബാനി പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ 44-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നിതാ.
ഈ വര്‍ഷം ആദ്യം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയ ഉടന്‍ തന്നെ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമായി. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ റിലയന്‍സ് ഉടന്‍ തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. പരമ്പരാഗതമായി, റിലന്‍സ് ഒരിക്കലും മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്സിജന്‍ ഉത്പാദിപ്പിച്ചിട്ടില്ല. ആവശ്യം വന്നപ്പോള്‍, ഉയര്‍ന്ന ശുദ്ധിയുള്ള മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്സിജന്‍ ഉല്‍പാദിപ്പിക്കുന്നതിനായി ദിവസങ്ങള്‍ക്കുള്ളില്‍ ജാംനഗര്‍ റിഫൈനറി പുനര്‍നിര്‍മ്മിച്ചു, രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതിദിനം 1100 മെട്രിക് ടണ്ണിലേക്ക് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും റിലയന്‍സിന് സാധിച്ചുവെന്ന് നിതാ അംബാനി ചൂണ്ടിക്കാട്ടി.
ഇത്രയും ശേഷിയുള്ള ഒരു പുതിയ മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സാധാരണയായി ഒരു വര്‍ഷമെടുക്കുമെന്ന് നിതാ അംബാനി ചൂണ്ടിക്കാട്ടി.
പക്ഷേ, നമ്മുടെ റിലയന്‍സ് എഞ്ചിനീയര്‍മാരുടെ അതിമാനുഷിക പരിശ്രമത്തിലൂടെ അത് 10 ദിവസത്തിനുള്ളില്‍ സാധിച്ചു. ഏറ്റവും ആവശ്യമായിരുന്ന സമയത്തിനുള്ളില്‍ തന്നെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഇന്ന് ഇന്ത്യയുടെ മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്സിജന്റെ 11% ത്തിലധികവും റിലയന്‍സ് ഉത്പാദിപ്പിക്കുന്നുണ്ടെന്നറിഞ്ഞാല്‍ അഭിമാനം തോന്നും. ഇന്ത്യയിലെ ഓരോ 10 കോവിഡ് രോഗികളില്‍ ഒരാള്‍ക്കും റിലയന്‍സ് ഉല്‍പാദിപ്പിക്കുന്ന ഈ പ്രാണ വായു – ലഭ്യമാക്കാന്‍ സാധിച്ചു. കൂടാതെ ഈ സേവനം രാജ്യത്തിന് സൌജന്യമായി വാഗ്ദാനം ചെയ്യുകയാണ് റിലയന്‍സ് ചെയ്തത്. ‘മുകേഷിനും എനിക്കും നമ്മുടെ റിലയന്‍സ് കുടുംബത്തിലെ ഓരോ അംഗത്തിനും, മാനവികതയെ സേവിക്കാനുള്ള ഈ അവസരം എല്ലാ രീതിയിലും ശ്രേഷ്ഠമായ ഒന്നാണ്. ഓക്സിജന്‍ വിതരണ ശൃംഖലയില്‍, ഇന്ത്യയുടെ ടാങ്കറുകളുടെ ഗുരുതരമായ തടസ്സത്തെയും പരിഹരിക്കാന്‍ നമുക്ക് സാധിച്ചു. ജര്‍മ്മനി, സിംഗപ്പൂര്‍, സൗദി അറേബ്യ, നെതര്‍ലാന്റ്സ്, ബെല്‍ജിയം, തായ്ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 100 പുതിയ മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ ടാങ്കറുകള്‍ റിലയന്‍സ് വാങ്ങുകയും രണ്ടാഴ്ചയ്ക്കുള്ളില്‍ അവയുടെ വിതരണം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ആരംഭിക്കുകയും ചെയ്തു’- നിതാ അംബാനി പറഞ്ഞു.
ഓക്സിജന്‍ ലഭ്യത ശക്തിപ്പെടുത്തുന്നതിനായി രാജ്യമെമ്പാടുമുള്ള നിരവധി ആശുപത്രികളില്‍ ഓക്സിജന്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതിനും റിലയന്‍സ് സഹായം ലഭ്യമാക്കിയതായി നിതാ അംബാനി പറഞ്ഞു. മിഷന്‍ ഓക്സിജനുവേണ്ടി നിസ്വാര്‍ത്ഥമായും അശ്രാന്തമായും പ്രവര്‍ത്തിച്ചതിന് റിലയന്‍സിലെ എല്ലാ എഞ്ചിനീയര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്‍നിര പോരാളികള്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്നതായും നിതാ അംബാനി പറഞ്ഞു.
മഹാമാരി കാലത്ത് റിലയന്‍സിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് കമ്പനി ഡയറക്ടര്‍മാരായ ആകാശ് അംബാനിയും ഇഷാ അംബാനിയും ചേര്‍ന്ന് വിവരിച്ചു. ഈ റിലയന്‍സ് കുടുംബത്തിലെ അസംഖ്യം അംഗങ്ങള്‍ക്ക് ഞങ്ങളുടെ അഭിവാദ്യം നേരുന്നതായി ഇരുവരും പറഞ്ഞു. റിലയന്‍സ് ജീവനക്കാര്‍ തങ്ങളുടെ രാജ്യത്തിന് പ്രഥമസ്ഥാനവും, സമൂഹത്തിന് രണ്ടാം സ്ഥാനവും നല്‍കിയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വയം സമര്‍പ്പിതമായി അണിചേര്‍ന്നത്. അവര്‍ തങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തിലെ സൂപ്പര്‍ ഹീറോകളാണെന്ന് ഇഷാ അംബാനി പറഞ്ഞു.
Discussion about this post