കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ നിയോഗിച്ച രാജ്യാന്തര ഏജന്‍സിയായ കെ.പി.എംജി കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്. കെ.പി.എം.ജിയുടെ റിപ്പോര്‍ട്ടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഭൂമി ഇടപാടിനെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാന്‍ വത്തിക്കാന്‍ നിര്‍ദേശം നല്‍കി. കോട്ടപ്പടിയിലെ 25 ഏക്കറോളം വരുന്ന സ്ഥലംവിറ്റ് ബാധ്യത തീര്‍ക്കണമെന്ന് വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘം സിനഡിന് നിര്‍ദേശം നല്‍കിയതായുള്ള കത്ത് അതിരൂപതയ്ക്ക് ലഭിച്ചു.
’10 കോടി നല്‍കിയാല്‍ ഭൂമി ഇടപാടിന്റെ പണം സഭയ്ക്ക് സാവകാശം നല്‍കിയാല്‍ മതിയെന്ന ആനുകൂല്യം കര്‍ദിനാള്‍ നല്‍കി. മാത്രമല്ല, ദീപികയുടെ ചെയര്‍മാനാക്കാമെന്ന് ഓഫര്‍ നല്‍കി’- ഇടപാട് നടന്ന സമയത്ത് അതിരൂപത പ്രൊക്യുറേറ്റര്‍ ആയിരുന്ന ഫാ.ജോഷി പുതുവയുടെതാണ് ഈ വെളിപ്പെടുത്തല്‍.
കര്‍ദിനാള്‍ ഇക്കാര്യം ഭൂമി ദല്ലാളായ സാജു വര്‍ഗീസുമായി സംസാരിക്കുന്നത് കേട്ടുവെന്നാണ് മൊഴി. ഇക്കാര്യം സ്ഥിരീകരിച്ച് മോണ്‍സിഞ്ഞോര്‍ ഫാ.സെബാസ്റ്റിയന്‍ വടക്കുമ്പാടനും മൊഴി നല്‍കി. സാജു വര്‍ഗീസുമായി ഭൂമി ഇടപാട് സമയത്തെ ബന്ധം മാത്രമാണുള്ളതെന്നാണ് കര്‍ദിനാള്‍ പറയുന്നത്. എന്നാല്‍ കര്‍ദിനാളിന്റെ ഈ മൊഴി സംശയകരമാണെന്ന് ശാസ്ത്രീയ തെളിവുകളിലൂടെ കണ്ടെത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി ഇടപാട് വിവാദത്തിലായപ്പോള്‍ 2019 ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 23 വരെ 21 തവണ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സാജു വര്‍ഗീസിനെ വിളിച്ചിട്ടുണ്ട്. സാജു വര്‍ഗീസും തിരികെ വിളിച്ചു. 2017 ഡിസംബര്‍ മുതലുള്ള 14 മാസത്തിനിടെ കര്‍ദിനാള്‍ സാജു വര്‍ഗീസിനെ 105 പ്രാവശ്യവും സാജു വര്‍ഗീസ് തിരികെ 72 തവണയും വിളിച്ചു. കമ്മീഷന്‍ മൊഴി എടുത്തതിനു തൊട്ടുപിന്നാലെ കര്‍ദിനാള്‍ ആദ്യം വിളിച്ചതും സാജു വര്‍ഗീസിനെ ആണെന്നും ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കണ്ടെത്തി.
Discussion about this post