പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഹന്‍ജിന്‍ ഗ്രാമത്തില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. മൂന്ന് ഭീകരരെ സൈന്യം വധിച്ചതായാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലര്‍ച്ചെയാണ് സ്ഥലത്ത് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. മൂന്ന് മുതല്‍ നാല് വരെ ഭീകരര്‍ സ്ഥലത്ത് ഒളിച്ചിരുപ്പുണ്ടെന്നാണ് വിവരം.
സ്ഥലത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ശക്തമായ പോരാട്ടത്തിലാണ് മൂന്ന് ഭീകരരെ വധിച്ചത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ അജ്ഞാത ഡ്രോണ്‍ സാന്നിദ്ധ്യമുണ്ടായിരുന്ന കാശ്മീരില്‍ വ്യാഴാഴ്ചയും ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ട്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അര്‍ണിയ സെക്ടറിലാണ് അതിര്‍ത്തി രക്ഷാ സേന ഡ്രോണ്‍ കണ്ടത്. സൈനികര്‍ ഡ്രോണിന് നേരെ വെടിയുതിര്‍ത്തു. എളുപ്പത്തിലുളള ഡ്രോണുകളുടെ ലഭ്യത പാകിസ്ഥാനില്‍ നിന്നുളളതും അവര്‍ പിന്തുണയ്ക്കുന്നതുമായ വിഘടനവാദികളില്‍ നിന്ന് വലിയ ഭീഷണിക്ക് കാരണമാകുന്നതായി കരസേന മേധാവി ജനറല്‍ എം.എം. നരവനെ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഡ്രോണ്‍ ആക്രമണത്തില്‍ ജമ്മുവിലെ എയര്‍ഫോഴ്സ് സ്റ്റേഷന് നേരിയ കേടുണ്ടായത്. രണ്ട് സ്ഫോടനമാണ് ഇത്തരത്തില്‍ ഉണ്ടായത്. ഈ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Discussion about this post