ഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനക്ക് നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാദ്ധ്യത സജീവമാക്കി മലയാളി രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖർ. 43 പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാൽ നിശാങ്ക്, തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വർ, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ദേബശ്രീചൗധരി, ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ എന്നിവർ പുനസംഘടനക്ക് മുന്നോടിയായി രാജി വെച്ചു. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ കേന്ദ്ര മന്ത്രിയാകും എന്നാണ് സൂചന. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന് കാബിനറ്റ് പദവി ലഭിക്കുമെന്നും സൂചനയുണ്ട്.
ജി കിഷൻ റെഡ്ഡിക്കും സ്ഥാനക്കയറ്റം ലഭിച്ചേക്കും. ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി, കർണ്ണാടകയിൽ നിന്നുള്ള ശോഭ കരന്തലജെ എന്നിവർക്കും സാദ്ധ്യത കല്പിക്കപ്പെടുന്നുണ്ട്. മുൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ് നാരായൺ റാണെ, പിലിഭത്ത് എം പി വരുൺ ഗാന്ധി, മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ മകൻ രാജ് വീർ സിംഗ്, മിർസാപുർ എം പിയും അപ്നാ ദൾ നേതാവുമായ അനുപ്രിയ പട്ടേൽ, ഉത്തർ പ്രദേശിൽ നിന്നുള്ള നേതാവ് സകൽദീപ് രാജ്ഭർ, പശ്ചിമ ബംഗാളിൽ നിന്നുമുള്ള നേതാവ് നിതീഷ് പ്രാമാണിക്, ബിഹാറിൽ നിന്നും ജെഡിയു നേതാവ് ആർസിപി സിംഗ്, എൽ ജെ പിയുടെ പശുപതി കുമാർ പരസ്, ഭൂപീന്ദർ യാദവ്, അനിൽ ബലൂനി, സുധാംശു ത്രിവേദി, സുശീൽ മോദി, അശ്വിനി വൈഷ്ണവ്, ജിവിഎൽ നരസിംഹ റാവു എന്നിവർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും.








