കോലാപ്പൂര്‍: മദ്യപിക്കാനായി അമ്മ പണം നല്‍കാത്തതിൽ പ്രകോപിതനായി നിര്‍ദയം അമ്മയെ കുത്തിക്കൊലപ്പെടുത്തി അവരുടെ ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച മകനെ വധശിക്ഷയ്ക്ക് വിധിച്ചു. 2017ല്‍ മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നടന്ന കൊലപാതകക്കേസിലാണ് മുപ്പത്തിയഞ്ചുകാരനായ സുനില്‍ കച്ച്കോര്‍വ്വി എന്നയാള്‍ക്ക് കോലാപൂരിലെ പ്രാദേശിക കോടതി വധശിക്ഷ വിധിച്ചത്. 62 തവണ കുത്തിയാണ് ഇയാൾ അമ്മയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ അമ്മയുടെ ഹൃദയം, കിഡ്നി, കുടല്‍ എന്നിവ ഇയാള്‍ ഭക്ഷിക്കുകയും ചെയ്തിരുന്നു.
2017 ഓഗസ്റ്റ് 28നായിരുന്നു കോലാപൂരിലെ മക്കഡ്വാല വഷതിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ക്രൂരകൃത്യത്തിന് ശേഷം കഷണങ്ങളാക്കി മുറിച്ച മൃതശരീരം പലയിടങ്ങളിലായി ഇയാള്‍ ഉപേക്ഷിക്കുകയായിരുന്നു. ഉപ്പും മുളകും പുരട്ടിയ നിലയിലായിരുന്നു പലയിടങ്ങളില്‍ നിന്നായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ വായില്‍ നിന്ന് രക്തം ഇറ്റുവീഴുന്ന നിലയിലായിരുന്നു സുനില്‍ ഉണ്ടായിരുന്നത്. അമ്മയുടെ ശരീര ഭാഗങ്ങള്‍ ഭക്ഷിച്ചതായി ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. ഉപ്പും മുളകും പുരട്ടിയാണ് ആന്തരികാവയവങ്ങള്‍ കഴിച്ചതെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.
മദ്യത്തിന് അടിമയായ ഇയാള്‍ സ്ഥിരമായി പ്രശ്നക്കാരനായിരുന്നുവെന്നായിരുന്നു സാക്ഷികളുടെ മൊഴി. സമൂഹത്തിന് തന്നെ ആപത്താണ് കുറ്റവാളിയെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചപ്പോൾ മദ്യത്തിന്‍റെ ലഹരിയില്‍ ആയിരുന്നതിനാല്‍ കൊലപാതകം സ്വബോധത്തോടെ ആയിരുന്നില്ലെന്നും അതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കാണരുതെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
Discussion about this post