തൃശൂർ: കൊടകര കുഴൽപ്പണ കേസ് ഒരു കവർച്ചാ കേസ് മാത്രമാണെന്നും, അതിനു മാത്രമാണ് ഊന്നൽ നൽകുന്നതെന്നും, 22 പ്രതികൾക്കെതിരെ 24 കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു. ബിജെപിക്കാർ പ്രതികളല്ല, സാക്ഷിപട്ടികയിലും ഇവരില്ല. പണത്തിന്റെ ഉറവിടത്തിൽ ബിജെപികാർക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. എന്നാൽ അത് അന്വേഷിക്കാൻ ഇഡിക്കു മാത്രമേ കഴിയൂ. അതിനാൽ കേസ് ഇഡിയ്ക്ക് കൈമാറണമെന്നും പൊലീസ് കുറ്റപത്രത്തിൽ നിർദേശിക്കും. നഷ്ടപ്പെട്ട മൂന്നര കോടിയിൽ രണ്ടു കോടി പ്രതികൾ ധൂർത്തടിച്ചെന്നും വീണ്ടെടുക്കാനാകില്ലെന്നും പൊലീസ് അറിയിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം 19 ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു. നിലവിൽ ബിജെപി നേതാക്കളൊന്നും കേസിൽ സാക്ഷികളല്ല. എന്നാൽ പിന്നീട് പ്രോസിക്യൂട്ടർ ചുമതലയേറ്റ ശേഷം കോടതി നടപടികൾ തുടങ്ങിയാലേ സാക്ഷി പട്ടികയിൽ ബിജെപി നേതാക്കൾ വരുമോയെന്ന് അന്തിമമായി പറയാൻ കഴിയൂ.
നിയമസഭാ തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് ഏപ്രിൽ മൂന്നിന് ദേശീയപാതയിൽ കൊടകരയിൽ 3.5 കോടി രൂപ കാറപകടം സൃഷ്ടിച്ച് കവർന്നെടുത്തതാണ് കേസ്. സംഭവത്തിൽ ഇതുവരെ പൊലീസ് 1.4 കോടിയിലേറെ രൂപ കണ്ടെത്തി. ഇത് ബിജെപി തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇതര സംസ്ഥാനത്തു നിന്നു കടത്തിക്കൊണ്ടു വന്ന തുകയാണെന്നാണു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയിലാണിപ്പോൾ ഇത്രയും തുക കണ്ടെടുത്തിരിക്കുന്നത്
Discussion about this post