തിരുവനന്തപുരം∙ വിവാദമായ മരം മുറിക്കേസിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയ ഉദ്യോഗസ്ഥയോട് വീണ്ടും പ്രതികാര നടപടി. ഡെപ്യൂട്ടി സെക്രട്ടറി ഒ.ജി.ശാലിനിയെ സെക്രട്ടേറിയറ്റിൽനിന്ന് മാറ്റി. പൊതു വിദ്യാഭ്യാസ ഡയറക്ട്രേറ്റിൽ അസി.ഡയറക്ടർ തസ്തികയിലാണ് ഒരു വർഷത്തേക്കു നിയമനം.
മരംമുറിയുമായി ബന്ധപ്പെട്ട കറന്റ്, നോട്ട് ഫയലുകൾ വിവരാവകാശം വഴി നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനിയോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടതിനു പിന്നാലെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയിരുന്നു. ഒ.ജി.ശാലിനിയുടെ ജോലിയിലുള്ള ആത്മാര്‍ഥത സംശയാതീതമല്ലെന്നു ബോധ്യപ്പെട്ടതായി ഗുഡ് സർവീസ് എൻട്രി റദ്ദാക്കികൊണ്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
മികച്ച പ്രവര്‍ത്തനം നടത്തിയതിനാണ് ഗുഡ് സർവീസ് എൻട്രി നൽകുന്നതെന്നു ഏപ്രിൽ മാസത്തിൽ ഉത്തരവിറക്കിയ പ്രിൻസിപ്പൽ സെക്രട്ടറിയാണ് മൂന്നു മാസത്തിനുശേഷം ഉദ്യോഗസ്ഥയുടെ ജോലിയിലെ ആത്മാർഥത ചോദ്യം ചെയ്തത്. വിവരാവകാശ നിയമപ്രകാരം ഫയലുകൾ പുറത്തുപോയതും മുൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ ഉത്തരവിറക്കാൻ നിർദേശിച്ച കാര്യം പൊതുജനമധ്യത്തിലെത്തിയതുമാണ് നടപടിക്കു കാരണമായതെന്നു ആക്ഷേപം ഉയർന്നിരുന്നു.
മരം മുറി വിവാദമായതിനെത്തുടർന്ന് സെക്രട്ടേറിയറ്റിലെ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. മരം മുറിക്കാൻ അനുവാദം നൽകാനുള്ള സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്നു ഫയലിൽ എഴുതിയ അഡീഷനൽ സെക്രട്ടറി ഗിരിജ കുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് മാറ്റിയത്. സെക്രട്ടേറിയറ്റിലെ ആക്‌ഷൻ കൗൺസിൽ കൺവീനറും സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻറുമായ അഡീഷനൽ സെക്രട്ടറി ബെൻസിയെയും റവന്യു വകുപ്പിൽനിന്ന് കടാശ്വാസ കമ്മിഷനിലേക്കു മാറ്റി. റവന്യു വകുപ്പിലെ അഡീഷനൽ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശവകുപ്പിലേക്കു മാറ്റി.
Discussion about this post