തിരുവനന്തപുരം : ജനകീയ മുദ്രാവാക്യങ്ങളുയര്‍ത്തി യുഡിഎഫ് പ്രകടനപത്രിക ഇന്നു അംഗീകരിക്കും.വിശപ്പിനോട് വിട എന്ന മുദ്രാവാക്യമാണ് യു.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പിന് ഉയര്‍ത്തിക്കാട്ടുന്നത്. പാവപ്പെട്ടവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം എന്നതാണു പദ്ധതി. ഇതോടൊപ്പം പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കു ജനപങ്കാളിത്തത്തോടെ മംഗല്യനിധി രൂപീകരിക്കാനും യുഡിഎഫ് തയ്യാറെടുക്കുന്നു. എം.എം. ഹസന്റെ നേതൃത്വത്തിലുള്ള സമിതി ഇന്നു പ്രകടനപത്രിക അംഗീകരിക്കും. അടുത്ത ആറിന് എറണാകുളത്തു നടക്കുന്ന യു.ഡി.എഫ്. കണ്‍വന്‍ഷനില്‍ പ്രകടനപത്രിക പ്രസിദ്ധീകരിക്കും.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറുകള്‍ നടപ്പാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ മാതൃകയില്‍ എല്ലാ പഞ്ചായത്തു പ്രസിഡന്റുമാരുടെയും നേതൃത്വത്തില്‍ പ്രത്യേക ചികിത്സാനിധി രൂപീകരിക്കും. നെല്ല്, തെങ്ങ്, പച്ചക്കറി, ഫലവൃക്ഷങ്ങള്‍, റബര്‍ എന്നിവയുടെ കൃഷിക്ക് ഊര്‍ജിത പദ്ധതികള്‍ നടപ്പാക്കും. കൃഷിഭവനുകളുടേയും സംഘടനകളുടേയും സഹായത്തോടെ വീടുകളില്‍ ജൈവപച്ചക്കറി കൃഷി നടപ്പാക്കും. യുവസംരംഭകര്‍ക്കു പ്രത്യേക പരിശീലനവും വ്യവസായങ്ങള്‍ തുടങ്ങാന്‍ സഹായവും നല്‍കും. ഖരദ്രവ മാലിന്യസംസ്കരണത്തിനു പദ്ധതികള്‍ ആവിഷ്കരിക്കും. റസിഡന്‍സ് അസോസിയേഷനുകളെയും ഒന്നിലധികം പഞ്ചായത്തുകളെയും സംയോജിപ്പിച്ച് മാലിന്യസംസ്കരണ പദ്ധതികള്‍ രൂപീകരിക്കും. പഠനത്തില്‍ മുന്നില്‍ നില്ക്കുന്ന നിര്‍ധന കുട്ടികള്‍ക്കു പഠനോപകരണങ്ങളും സ്കോളര്‍ഷിപ്പും നല്‍കും. പട്ടികജാതിവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്കു ക്ഷേമപദ്ധതികള്‍ ആരംഭിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. ഡിജിറ്റല്‍ സംവിധാനം ഗ്രാമങ്ങളില്‍ കൂടി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇവ ഉള്‍പ്പെടുത്തി അക്ഷയമാതൃകയില് കേന്ദ്രങ്ങള്‍ ആരംഭിക്കും. പ്രവാസികള്‍ക്കു തദ്ദേശസ്ഥാപനങ്ങള്‍ വഴി ലഭിക്കേണ്ട സേവനങ്ങള്‍ക്കു മുന്‍ഗണന നല്‍കും. പ്രവാസിസംഗമങ്ങള് നടത്തി തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കും. വികസനക്ഷേമപ്രവര്ത്തനങ്ങളില് പ്രവാസികളെക്കൂടി പങ്കാളികളാക്കും.
Discussion about this post