ഡല്‍ഹി: ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയെ തുടര്‍ന്ന് 8,486 മ്യാന്‍മാര്‍ പൗരന്മാര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവെന്ന്സര്‍ക്കാര്‍ അറിയിച്ചു. അവരില്‍ 5,796 പേരെ തിരികെ അയച്ചെന്നും, 2,690 മ്യാന്മാർ പൗരന്മാരും അഭയാർഥികളും ഇപ്പോഴും ഇന്ത്യയിലുണ്ടെന്നും രാജ്യസഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു.
”ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ 11 നുഴഞ്ഞു കയറ്റക്കാര്‍ കൊല്ലപ്പെടുകയും മറ്റ് 20 പേരെ പിടികൂടുകയും ചെയ്തു. അതിര്‍ത്തിയില്‍ ഈ വര്‍ഷം ജൂണ്‍ 30 വരെ 20 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നു. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല”- സുരക്ഷാ സേനയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 441 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 740 പേരെ പിടികൂടുകയും ഒരു നുഴഞ്ഞുകയറ്റക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ വര്‍ഷം ജൂണ്‍ 30 വരെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ 11 അനധികൃത നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയിട്ടുണ്ടെന്നും അജയ് ഭട്ട് പറഞ്ഞു.












