ഇന്ത്യയും സൌദി അറേബ്യയും ചരിത്രത്തിലാദ്യമായി സംയുക്ത സൈനികാഭ്യാസം നടത്തുന്നു. അൽ മൊഹദ്-അൽ ഹിന്ദ് എന്നാണ് ഈ സംയുക്ത നാവികാഭ്യാസത്തിനു നൽകിയിരിക്കുന്ന നാമം.
ഇന്ത്യയുടെ പടിഞ്ഞാറൻ നാവികപ്പടയുടെ പതാകക്കപ്പലായ ഐ എൻ എസ് കൊച്ചിയും അതിന്റെ ഭാഗമായ സീകിംഗ് 42 ബി ഹെലികോപ്ടറുകളും അൽ ജുബൈൽ തുറമുഖത്ത് കഴിഞ്ഞയാഴ്ച തന്നെ എത്തിയിരുന്നു. വിദൂരനിയന്ത്രിത വിമാനവേധ മിസൈലുകൾ വിക്ഷേപിക്കാനാവുന്ന ഐ എൻ എസ് കൊച്ചി പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ പടക്കപ്പലാണ്. 163 മീറ്റർ നീളമുള്ള ഈ പടക്കപ്പൽ കമ്മീഷൻ ചെയ്തത് അന്തരിച്ച മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറാണ്. ജാഹി ശത്രുൻ മഹാബാഹോ (അല്ലയോ മഹാബാഹോ, ശത്രുക്കളെ തകർക്കുക) എന്നതാണ് ഈ കപ്പലിന്റെ ആപ്തവാക്യമായി നാവികസേന അംഗീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ നാവികസേനയുടെ പടിഞ്ഞാറൻ കപ്പൽപ്പടയുടെ കമാൻഡിങ് ഓഫീസറായ റിയർ അഡ്മിറൽ അജയ് കൊച്ചാറും സൌദി അറേബ്യയുടെ കിഴക്കൻ കപ്പൽപ്പടയുടെ കമാൻഡർ റിയർ അഡ്മിറർ ഫൈസൽ ബിൻ ഫഹദ് അൽ ഗൌഫേലിയുമായി സംഭാഷണം നടത്തുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. ഇന്ത്യൻ നാവികസേനയ്ക്ക് സൌദി സേനാംഗങ്ങൾ ഊഷ്മളമായ വരവേൽപ്പ് നൽകി.
ഈ സംയുക്ത സൈനികാഭ്യാസത്തിന്റെ തുറമുഖമടിസ്ഥാനമാക്കിയുള്ള പരിശീലനം ഓഗസ്റ്റ് 9നു തന്നെ ആരംഭിച്ചിരുന്നു. കടലിലെ പരിശീലനം ആഗസ്റ്റ് പതിനൊന്നിന് ആരംഭിച്ചു.
ഇന്ത്യയുടെ സൌദി അറേബ്യയിലെ സ്ഥാനപതി ഡോക്ടർ ഔസഫ് സയീദ് ഐ എൻ എസ് കൊച്ചി സന്ദർശിച്ചു. ഗൾഫ് രാജ്യങ്ങളുമായി സൈനികാടിസ്ഥാനത്തിൽത്തന്നെ ഊഷ്മളമായ ബന്ധമുണ്ടാക്കുകയെന്നത് കുറച്ചു കാലമായി ഇന്ത്യ അനുവർത്തിച്ചു വരുന്ന നയതന്ത്രമാണ്. ചരിത്രത്തിലാദ്യമായി ഇരു രാജ്യങ്ങളും സംയുക്ത സൈനികാഭ്യാസം നടത്തുമ്പോൾ ഇരു രാജ്യങ്ങളുടേയും പൊതുശത്രുക്കൾ ആശങ്കയിലാണ്. കുറച്ചു കാലങ്ങളായി സൌദി അറേബ്യ ഇന്ത്യയുമായി അടുത്ത ബന്ധമാണ് പുലർത്തുന്നത്.
ഒരാഴ്ച മുൻപ് മാത്രമാണ് ഒമാൻ തീരത്തുവച്ച് ഒരു കച്ചവട പെട്രോളിയം ടാങ്കർ, ഡ്രോൺ ആക്രമണത്തിൽ തകർന്നത്. ഒരു ബ്രിട്ടീഷ് പൌരനും ഒരു റോമാനിയൻ പൌരനും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ ഇത്തരം സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സമയത്ത് തന്നെ പ്രദേശത്തെ ഏറ്റവും വലിയ നാവികശക്തികൾ ചേർന്ന് നടത്തുന്ന ഈ സൈനികാഭ്യാസം അതീവ നിർണ്ണായകമാണെന്ന് പ്രതിരോധവിദഗ്ധർ അഭിപ്രായപ്പെടുന്നു.
പേർഷ്യൻ ഗൾഫ് മുതൽ അറബിക്കടൽ വരെയുള്ള ഭാഗത്തുകൂടിയാണ് ചൈനയുടെ 60 ശതമാനം പെട്രോളിയവും ഇന്ത്യയുടെ 70 ശതമാനം പെട്രോളിയവും ഒഴുകുന്നത്. ഈ മേഖലയിലെ നിയന്ത്രണം അതുകൊണ്ട് തന്നെ നിർണ്ണായകമാണ്. ഇന്ത്യയും സൌദി അറേബ്യയുമായി മേഖലയിൽ വർദ്ധിച്ചുവരുന്ന സഹകരണം ചൈനയുടെ സാമ്രാജ്യത്ത ലക്ഷ്യങ്ങളെ ഉന്നം വച്ചുതന്നെയാണെന്നാണ് പ്രതിരോധവിദഗ്ധരുടെ അഭിപ്രായം.












