ഡൽഹി: രാജ്യം ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശിയ പതാക ഉയർത്തും. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും പ്രമുഖ നേതാക്കളും പങ്കെടുക്കും.
ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും കനത്ത സുരക്ഷാ വലയത്തിലാണ്. ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള ഉയർന്ന കെട്ടിടങ്ങളിൽ എൻ.എസ്.ജി. കമാൻഡോകൾ സജ്ജരാണ്. തലസ്ഥാന നഗരം വിവിധ സേനാവിഭാഗങ്ങളുടെയും ആധുനിക കാമറകളുടെയും നിരീക്ഷണത്തിലാണ്. ചെങ്കോട്ടയിൽ രണ്ടു പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
ചെങ്കോട്ടക്ക് ചുറ്റും 350 സിസിടിവി കാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. 5000 പ്രത്യേക സുരക്ഷാഭടന്മാരും പോലീസുകാരും കനത്ത ജാഗ്രതയിലാണ്. ആന്റി ഡ്രോൺ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്. പി.സി.ആർ. വാനുകളും 70 സായുധ വാഹനങ്ങളും സജ്ജമാണ്. യമുനാ നദിയിൽ പട്രോളിംഗ് ബോട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഏത് തരത്തിലുള്ള സാഹചര്യവും നേരിടാൻ സുരക്ഷാ സേനകൾ സജ്ജമാണെന്ന് മേധാവികൾ അറിയിച്ചു. പുലർച്ചെ നാലുമുതൽ രാവിലെ പത്തുവരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Discussion about this post