ഡൽഹി: അബദ്ധത്തിൽ നിയന്ത്രണ രേഖ ലംഘിച്ച പാകിസ്ഥാനി കുട്ടികളെ സുരക്ഷിതരായി തിരികെ അയച്ച് ഇന്ത്യൻ സൈന്യം. പൂഞ്ചിലെ നിയന്ത്രണ രേഖ കടന്ന മൂന്ന് പാകിസ്ഥാനി കുട്ടികളെയാണ് ഇന്ത്യൻ സൈന്യം തിരികെ അയച്ചത്.
നിയന്ത്രണ രേഖക്ക് സമീപം ആളനക്കം കണ്ട സൈന്യം ജാഗരൂകരായി. സൈന്യം പിടികൂടിയ മൂന്ന് കുട്ടികളും 9 വയസ്സിനും 17 വയസ്സിനും ഇടയിലുള്ളവരായിരുന്നു. ഇവർക്കൊപ്പം നാലാമത് ഒരാൾ കൂടി ഉണ്ടായിരുന്നു. ഇയാൾ ഓടി രക്ഷപ്പെട്ടു.
നിയന്ത്രണ രേഖ ലംഘിച്ചത് കുട്ടികളാണെന്ന് ബോദ്ധ്യപ്പെട്ടതിനാൽ ഇന്ത്യൻ സൈന്യം വെടിയുതിർത്തില്ല. ചോദ്യം ചെയ്തതിൽ നിന്നും പാക് അധീന കശ്മീരിലെ ഛത്ര, ട്രോട്ടി ധർമശാൽ സ്വദേശികളാണ് ഇവരെന്ന് ബോദ്ധ്യപ്പെട്ടു. നദികളിൽ നിന്നും മണൽ വാരുന്ന തൊഴിലാളികളാണ് തങ്ങളെന്നും മീൻ പിടിക്കുന്നതിന് വേണ്ടി പുറപ്പെട്ടപ്പോൾ അറിയാതെ നിയന്ത്രണ രേഖ ലംഘിക്കുകയായിരുന്നുവെന്നും ഇവർ സൈനികരോട് പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന്റെ ഉദാത്തമായ പാരമ്പര്യം ഉയർത്തിപ്പിടിച്ച് കുട്ടികളോട് സഹാനുഭൂതിയോടെയും മനുഷ്യത്വപരമായുമാണ് സൈനികർ പെരുമാറിയത്. സൈനികർ അതിർത്തി കാക്കാൻ നിതാന്ത ജാഗ്രത പുലർത്തുമ്പോഴും നിഷകളങ്കരോട് കരുതലോടെയാണ് പെരുമാറുന്നതെന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു കഴിഞ്ഞ ഡിസംബറിൽ സമാനമായ സാഹചര്യത്തിൽ നിയന്ത്രണ രേഖ കടന്ന മൂന്ന് പെൺകുട്ടികളുടെ കാര്യത്തിലും സൈന്യം ചെയ്തത്. അവരെയും സൈന്യം ഇതേ പോലെ തിരികെ അയച്ചിരുന്നു.











