ഡല്‍ഹി: സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ.) അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിന് പിന്നാലെ ഒക്ടോബര്‍ ആകുമ്പോഴേക്കും പ്രതിമാസം ഒരു കോടി ഡോസ് കോവിഡ്-19 വാക്‌സിന്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് സൈഡസ് കാഡില.
ഓഗസ്റ്റില്‍ സൈഡസ് കാഡില അഞ്ചുകോടി വാക്‌സിന്‍ നിര്‍മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പുതിയ പ്ലാന്റ് കമ്മിഷന്‍ ചെയ്യാന്‍ 45 ദിവസം കാലതാമസം നേരിട്ടുവെന്നും ഒക്ടോബര്‍ ആകുമ്പോഴേക്കും വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും സൈഡസ് കാഡില മാനേജിങ് ഡയറക്ടര്‍ ഡോ. ഷര്‍വില്‍ പട്ടേല്‍ പറഞ്ഞു.
വാക്‌സിന് ഇന്ത്യയിലായിരിക്കും നിര്‍മ്മിക്കുകയെന്നും എന്നാല്‍, ആദ്യ ഡോസുകള്‍ യു.എസില്‍ നിന്നായിരിക്കും കൊണ്ടുവരികയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത 45 ദിവസത്തിനുള്ളില്‍ 30 മുതല്‍ 40 ലക്ഷം വരെ വാക്‌സിനുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഒക്ടോബറോടു കൂടി ഒരു കോടി വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് കരുതുന്നതായും പട്ടേല്‍ പറഞ്ഞു.
മൂന്ന് ഡോസ് വാക്‌സിന് അനുമതി നല്‍കാനാണ് വിദഗ്ധ സമിതി നിലവില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. മുതിര്‍ന്നവര്‍ക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന്‍ കുത്തിവെപ്പ് എടുക്കാം.
Discussion about this post