തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയേറ്റിലുണ്ടായ തീപിപിടുത്തത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായി. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അട്ടിമറിയില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും പൊലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.
ഫാനിന്റെ മോട്ടോര്‍ ചൂടായി തീ പിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും ഫയലുകളിലും കര്‍ട്ടനിലും തീ പടര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധനയില്‍ അട്ടിമറി കണ്ടെത്താനായില്ല.
കൊച്ചിയിലും ബെംഗലൂരുവിലും ഫാനിന്റെ ഭാഗങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫാനിന്റെ മോട്ടോറും വയറും പൂര്‍ണമായും കത്തിയിരുന്നു, അട്ടിമറിയാണോ ഷോര്‍ട്ട് സര്‍ക്യൂട്ടാണോ എന്ന് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് കഴിഞ്ഞില്ല. സെക്രട്ടേറിയറ്റിന്റെ പ്രൊട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്.
2020 ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് കേസ് വലിയ വിവാദമായിരിക്കുന്ന സമയത്താണ് സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം ഉണ്ടാകുന്നത്.
ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ രണ്ട് തലങ്ങളിലായി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. വിദഗ്ദ സമിതിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു അന്വേഷണ സംഘവും പോലീസിന്റെ പ്രത്യേക സംഘവുമാണ് അന്വേഷിച്ചത്.












